നരേന്ദ്രമോദിക്കെതിരെ സമരം ചെയ്തതിന് പിണറായി വിജയന്റെ പൊലീസിന് എന്തിന് ഹാലിളകുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബിന്‍ വര്‍ക്കി. നരേന്ദ്രമോദിക്കെതിരെ സമരം ചെയ്തതിന് യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച് ആർ.എസ്.എസിനെ സന്തോഷിപ്പിച്ച പിണറായി വിജയന് നമോവാകങ്ങൾ. തല്ലാൻ ഓർഡർ ഇട്ടവനോടും തല്ലിയവനോടും ഒക്കെ കാലം കണക്കു ചോദിക്കാതെ പോവുകയില്ലെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍, യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് വളഞ്ഞിട്ട് തല്ലിയതിന്‍റെ പശ്ചാത്തലത്തിലാണ് അബിന്‍റെ പോസ്റ്റ്. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന് ഉള്‍പ്പെടെ മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്. അഞ്ചുവട്ടം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഈ കാണുന്ന ചിത്രങ്ങൾ ഒരു സമരത്തിന്റെ ബാക്കിപത്രമാണ്. വയനാട് ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പിണറായി വിജയന്റെ പോലീസ് അഴിച്ചുവിട്ട അക്രമത്തിന്റെ ചിത്രങ്ങളാണ്. വയനാട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽ ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുമായ ജഷീർ പള്ളിവയൽ, അരുൺ ദേവ് തുടങ്ങി നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മാരകമായി പരിക്കേറ്റത്.
നരേന്ദ്രമോദിക്കെതിരെ സമരം ചെയ്തതിന് പിണറായി വിജയന്റെ പൊലീസിന് എന്തേ ഹാലിളകുന്നു?
വയനാട്ടിലെ പാവപ്പെട്ടവർ ഇന്നും ദുരിതത്തിലാണ്. ദുരിതാശ്വാസകണക്കിന്‍റെ കേന്ദ്ര-കേരള സർക്കാരുകളുടെ വടംവലിയിൽപ്പെട്ട് ഉറ്റവർ നഷ്ടപ്പെട്ടവർ കയറിക്കിടക്കാൻ ഇടമില്ലാതെയും, വരുമാനമില്ലാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു യുവജന സംഘടന ഇതിൽ പ്രതിഷേധിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് സമരം ചെയ്യേണ്ടത്? ഇതുപോലെ ഏറ്റവും ന്യായമായ സമരത്തെ ലാത്തി വീശി തോൽപ്പിക്കാൻ ശ്രമിച്ചാൽ വീശുന്ന ലാത്തികൾ തോൽക്കും എന്നല്ലാതെ സമരങ്ങൾ തോറ്റ ചരിത്രം ഇല്ല. നരേന്ദ്രമോദിക്കെതിരെ സമരം ചെയ്തതിന് യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച് ആർ.എസ്.എസിനെ സന്തോഷിപ്പിച്ച പിണറായി വിജയന് നമോവാകങ്ങൾ.
എത്ര സന്തോഷിപ്പിച്ചാലും Mr.പിണറായി വിജയൻ,ജയിലുകളിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഫാമിലി പാക്കേജ് കൂടി ഉൾപ്പെടുത്തേണ്ടി വരും. കാരണം ശിഷ്ടകാലം അങ്ങേക്ക് അവിടെയുള്ളതാണ്. തല്ലാൻ ഓർഡർ ഇട്ടവനോടും തല്ലിയവനോടും ഒക്കെ കാലം കണക്കു ചോദിക്കാതെ പോവുകയില്ല.
യൂത്ത് കോൺഗ്രസ് സമരഭടന്മാർക്ക് സമരാഭിവാദ്യങ്ങൾ.