രണ്ടു പതിറ്റാണ്ടിനിപ്പുറം വിഭാഗീയതയുടെ കല്ലുകടിയില്ലാതെ സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനം. സംഘടനാപരമായ ഒറ്റപ്പെട്ട ചില വിമർശനങ്ങൾക്കപ്പുറം ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങളോ മല്‍സരമോ കൂടാതെയാണു സമ്മേളനത്തിനു കൊടിയിറങ്ങിയത്. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
രണ്ടായിരത്തിന്‍റെ തുടക്കത്തിൽ രൂപപ്പെട്ട വിഭാഗീയതയാണു പിന്നീട് ഏരിയയിലാകെ പടർന്നു കയറിയത്. ഒരു ഘട്ടത്തിൽ പാർട്ടിയിലെ വിഭാഗീയത വിമത സംഘടനകളുടെ പിറവിക്കു വരെ കാരണമായി. കഴിഞ്ഞ തവണ പോലും ചില ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനത്തിലും ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു. ഇത്തവണ ലോക്കൽ സമ്മേളനങ്ങളും ഏരിയ സമ്മേളനവും കാര്യമായ കല്ലുകടികളില്ലാതെയാണു പൂർത്തിയായത്. അതേസമയം, രണ്ട് തവണകളായി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നവരെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതിനെ ചൊല്ലി ചില പ്രതിനിധികൾ അസംതൃപ്തി അറിയിച്ചു. ഏരിയാ സെക്രട്ടറിയായി എസ്.കൃഷ്ണദാസ് തുടരും.
21 അംഗ ഏരിയ കമ്മിറ്റിയെയും 32 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റിയിലെ അംഗബലം 22ൽ നിന്ന് 21 ആക്കി ചുരുക്കി. ഒറ്റപ്പാലം നഗരസഭാ മുൻ അധ്യക്ഷൻ കൂടിയായ മുതിർന്ന അംഗം ഇ.രാമചന്ദ്രൻ, അമ്പലപ്പാറ പഞ്ചായത്ത് അധ്യക്ഷ കൂടിയായ മുതിർന്ന അംഗം പി.വിജയലക്ഷ്മി എന്നിവർ ഒഴിവായി. ഷൊർണൂർ നഗരസഭാ ഉപാധ്യക്ഷയും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറിയുമായ പി.സിന്ധുവാണു കമ്മിറ്റിയിലെ പുതുമുഖം.