rain-holiday-kannur-collector-troll-new

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ശക്തമായ മഴമുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയതിനു പിന്നാലെ ഇന്നലെ വൈകീട്ടോടും രാത്രിയോടും കൂടി കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അര്‍ധരാത്രിയോടു കൂടിയാണ് ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ കലക്ടര്‍ അരുണ്‍ കെ വിജയന് വിമര്‍ശനവും പരിഹാസവും കനക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. റെഡ് അലര്‍ട്ട് ഉണ്ടായിട്ടും അവധി നേരത്തെ പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. അര്‍ധരാത്രിയില്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ അവധി പ്രഖ്യാപിക്കുന്നത്. 

അവധി പ്രഖ്യാപിച്ച് പോസ്റ്റെത്തിയതിന് പിന്നാലെ തന്നെ കമന്‍റുകളുമായി ആളുകളുമെത്തി തുടങ്ങി. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...’ എന്ന ഡയലോഗുമായിട്ടാണ് ആളുകളുടെ വരവ്. രാത്രിവരെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജും തുറന്ന് ഒടുവില്‍ ഉറങ്ങിപ്പോയവര്‍ക്കാണ് ഏറെ നിരാശ. ‘ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്.., ഉറക്കം ഞെട്ടി എഴുന്നേറ്റപ്പോള്‍ ഇട്ട പോസ്റ്റ് ആണോ?, കുറച്ചുകൂടി കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു..’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. 

ജില്ലയില്‍ മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് ഇന്ന്, തിങ്കളാഴ്ച (02.12.2024) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കാസര്‍കോട്, പാലക്കാട്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കുറഞ്ഞസമയംകൊണ്ട് വലിയ അളവില്‍ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. നാലാം തീയതിവരെ മഴ തുടരും.

ENGLISH SUMMARY:

Kannur Collector has faced criticism and ridicule for the delayed announcement of the holiday for educational institutes. There are accusations that the holiday was not announced earlier, despite the red alert and heavy rain in district.