ആലപ്പുഴയില്‍ അപകടത്തിൽ ജീവന്‍ പൊലിഞ്ഞ അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്കും കേരളത്തിന്‍റെ അന്ത്യാഞ്ജലി. മെഡിക്കല്‍ കോളജ് ക്യാംപസില്‍ സഹപാഠികളും അധ്യാപകരും ഹൃദയംപൊള്ളി നിന്നപ്പോള്‍, കണ്ടുനിന്നവരുടെയും ഉള്ളുപിടഞ്ഞു. അഞ്ചു വഴികളിലൂടെയെത്തി ഒരു ക്ലാസില്‍ ഒരുമിച്ച് 55 ദിവസം പഠിച്ചവരുടെ ചേതനയറ്റ ശരീരത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവർണറും മന്ത്രിമാരും വിടനല്‍കാനെത്തി.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് മോർച്ചറിയിൽ നിന്ന് എത്തിയ ഓരോ മൃതദേഹവും സഹപാഠികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയത്. 11 മണിയോടെ മെഡിക്കൽ കോളജിലെത്തിച്ചു. ഏറെ സ്വപ്നങ്ങളോടെ കോളജിന്റെ പടികൾ കയറിയ അവരഞ്ചുപേരും അതേ വരാന്തയിൽ ഒരുമിച്ച് കിടന്നു, ചേതനയറ്റ്. പഠനത്തിൽ മിടുക്കരായിരുന്നു അഞ്ചുപേരും. ക്ലാസിനെ വൈബ്രന്റാക്കി നിർത്തിയിരുന്ന ഉറ്റ സുഹൃത്തുക്കൾ. അവരുടെ ഓർമകൾ പങ്കുവയ്ക്കുമ്പോഴൊക്കെയും സഹപാഠികൾ വിങ്ങിപ്പൊട്ടി. ഗവർണറും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
ഒരു മണിയോടെ മൃതദേഹങ്ങൾ അവരുടെ ജന്മ നാട്ടിലേക്ക് കൊണ്ടുപോയി. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം കബറടക്കിയ എറണാകുളം ടൗൺ ജുമാ മസ്ജിദില്‍ ഹൃദയഭേദക കാഴ്ചകള്‍. പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണാന്‍ ഉറ്റവരെല്ലാം ദ്വീപില്‍ നിന്നെത്തി. പാലക്കാട് സ്വദേശി ശ്രീദീപ് വല്‍സന്‍റെ മൃതദേഹംവൈകീട്ട് ആറ് മണിയോടെയാടെ ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. ഏക മകന്‍റെ വേര്‍പാടില്‍ കുടുംബവും നാടും ഒന്നാകെ വിങ്ങിപ്പൊട്ടി. ആലപ്പുഴ കാവാലം സ്വദേശി ആയുഷ് ഷാജിയുടെയും കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്റെയും മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ ഉറ്റവരുടെ ഉള്ളുലഞ്ഞു. മരണ വിവരമറിഞ്ഞ് ആയുഷിന്റെ മാതാപിതാക്കളും സഹോദരിയും വൈകീട്ടോടെയാണ് ഇന്‍ഡോറില്‍ നിന്ന് എത്തിയത്. നാളെയാണ് ഇരുവരുടെയും സംസ്കാരം.
അഞ്ചു വർഷങ്ങൾക്കപ്പുറം സ്വപ്നതുല്യമായ വെള്ളക്കോട്ടണിഞ്ഞ് പടിയിറങ്ങേണ്ടവരായിരുന്നു അവർ അഞ്ചുപേരും. സ്വപ്നങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ച് ഇന്നവർ മടങ്ങിയപ്പോൾ ആ വേദനയും നീറ്റലും വർഷങ്ങളോളം ഈ കോളജിൽ തന്നെ തുടരും.