ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ. റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത്.
അപകടസമയത്ത് കാര്‍ ഒാടിച്ചത് അഞ്ച് മാസം മുന്‍പ് ലൈസന്‍സ് എടുത്ത വിദ്യാര്‍ഥിയാണ്. ഡ്രൈവിങ് പരിചയക്കുറവ് അപകടത്തിന് പ്രധാന കാരണമെന്നും എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ പറഞ്ഞു. ആര്‍ടിഒയോട് വിശദാംശങ്ങള്‍ തേടിയ കലക്ടര്‍ അലക്സ് വര്‍ഗീസ് അന്വേഷണത്തിന് ഉത്തരവിട്ടു
Read Also: കാറിലുണ്ടായിരുന്നത് 11 പേര്‍, റോഡിൽ തെന്നി നീങ്ങി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി; സിസിടിവി ദൃശ്യം
വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്നത് 11 വിദ്യാര്‍ഥികളില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെനില ഗുരുതരം. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ നടക്കും. തുടര്‍ന്ന് കോളജില്‍ പൊതുദര്‍ശനം.
ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹാമിന്‍റെ സംസ്കാരം എറണാകുളത്ത് നടക്കും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു . റോഡിൽ തെന്നിനീങ്ങിയ വാഹനം ബസിനു മുന്നിലേക്ക് ഇടിച്ചു കയറുന്നതായി ദൃശ്യങ്ങളിൽ കാണാം. കനത്തമഴയും അപകടത്തിന് കാരണമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഴ കാരണം കാഴ്ചമങ്ങിയതും വാഹനത്തിന്‍റെ പഴക്കവും അപകടകാരണമായതെന്ന് ആലപ്പുഴ ആര്‍ടിഒ മനോരമ ന്യൂസിനോട് പറഞ്ഞു.
കാര്‍ തെന്നിവന്ന് ബസില്‍ ഇടിക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു. ബസിന് വേഗം കുറവായിരുന്നു. കാര്‍ വരുന്നതുകണ്ടെങ്കിലും ഇടിക്കുമെന്ന് കരുതിയില്ലെന്നും രാജീവ് പറഞ്ഞു
ഏക മകന്‍റെ വേർപാട് ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് പാലക്കാട് ശേഖരിപുരം സ്വദേശി വൽസനും ഭാര്യ ബിന്ദുവും. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്നറിയിച്ച് ഇന്നലെ രാത്രിയിൽ യാത്ര പുറപ്പെട്ട മകൻ ശ്രീദീപ് ഇനി മടങ്ങി വരില്ലെന്ന വാർത്ത കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ വൽസൻ, അഭിഭാഷകയായ ബിന്ദു ദമ്പതികളുടെ മകനായ ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരമായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.
98 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായി ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റില്‍ മികച്ച റാങ്ക് നേടിയ മുഹമ്മദ് ഇബ്രാഹിം ലക്ഷ്വദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു. അപകടവിവരമറിഞ്ഞ് മുഹമ്മദ് ഇബ്രാഹിമിന്‍റെ മാതാപിതാക്കള്‍ ലക്ഷദ്വീപില്‍ നിന്ന് ആലപ്പുഴയിലേക്ക് തിരിച്ചു. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം
മരിച്ച ശ്രീദീപ് വല്‍സന്‍റെ മാതാപിതാക്കള്‍ക്ക് നഷ്ടമായത് ഏക മകനെയാണ്. പഠിത്തത്തില്‍ മിടുക്കനായ ശ്രീദീപ് വില്‍സന്‍ ഹര്‍ഡില്‍സ് താരംകൂടിയാണ്. ദേവനന്ദന്‍റെ സംസ്കാരം പാലാ മറ്റക്കരയിലെ കുടുംബവീട്ടിലായിരിക്കും. ഇന്‍ഡോറിലുള്ള ആയുഷ് ഷാജിയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് തിരിച്ചു.