ആലപ്പുഴയിൽ നവജാത ശിശുവിന് അപൂർവ വൈകല്യം കണ്ടെത്തിയ കേസിൽ ഡോക്ടർമാരെ സംരക്ഷിച്ച് ആരോഗ്യ വകുപ്പ്. ചികില്‍സാപ്പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്ക് നടത്തിയ ആദ്യ സ്കാനിങ്ങില്‍ കണ്ടെത്താൻ ആകില്ലെന്നുമാണ് റിപ്പോർട്ട്. കാര്യങ്ങൾ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്നും ശുപാർശ. ആശുപത്രികളിലെ സ്കാനിങ് സൗകര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ഡോക്ടർമാരുടെ സംഘടന, മെഷീനുകൾ മാത്രം പോരെന്നും വിമർശിച്ചു.
വീഴ്ചയൊന്നുമില്ല , തല്ക്കാലം താക്കീത് മതിയെന്നാണ് ഡോക്ടർമാരെ സംരക്ഷിച്ചുള്ള ആരോഗ്യ വകുപ്പ് റിപ്പോർട്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടേയും ആശുപത്രിയിൽ ചികിൽസ തേടിയിരുന്ന ഗർഭിണിക്ക് ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിലാണ് ഈ റിപ്പോർട്ട് . അമ്മയ്ക്ക് നടത്തിയ അനോമലി സ്കാനിങ്ങിൽ കുട്ടിക്ക് കണ്ടെത്തിയ വൈല്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഗർഭിണിയായ യുവതിയോടും കുടുംബത്തോടും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഫ്ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങൾക്ക് സാധ്യതയുണ്ടെന്നും ബോധ്യപ്പെടുത്തിയില്ല. രക്ഷിതാക്കളെ കൃത്യമായി വിവരങ്ങൾ ധരിപ്പിക്കാത്ത ഡോക്ടർമാരെ താക്കീത് ചെയ്യണമെന്നും കുഞ്ഞിൻ്റെ ചികിൽസയ്ക്ക് മെഡിക്കൽ ബോർഡ് വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സംഭവത്തിൽ സർക്കാർ ആരോഗ്യ സംവിധാനത്തിലെ പോരായ്മകളെ വിമർശിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി.
മിക്ക പ്രധാന ആശുപത്രികളിലും അൾട്രാ സൗണ്ട് സ്കാനിംഗ് മെഷിൻ ഉണ്ടെങ്കിലും ചില ആശുപത്രികളിൽ മാത്രമാണ് റേഡിയോ ഡയഗ്നോസിസ് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക ഉള്ളത് . സർക്കാർ സംവിധാനത്തിൽ തിരുവനന്തപുരം SAT ആശുപത്രിയിൽ മാത്രമാണ് ഇതിനാവശ്യമായ സംവിധാനങ്ങളുള്ള ഫീറ്റൽ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നതെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു. മെഷീൻ മാത്രം പോരാ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും വേണമെന്നാണ് വിമർശനം.