കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സര്‍ക്കാര്‍. പത്തനംതിട്ട കലക്ട്രേറ്റില്‍ തഹസില്‍ദാറുടെ തത്തുല്യ പദവിയിലേക്കാണ് മാറ്റിയത്. അതേസമയം, സംരംഭകന്‍ പ്രശാന്തിന്‍റെ കൈക്കൂലി ഇടപാട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. തനിക്കെതിരെ അധിക്ഷേപമെന്ന് ചൂണ്ടികാട്ടി കേസിലെ പ്രതി പി. പി. ദിവ്യ പൊലീസിന് പരാതി നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

നവീന്‍ ബാബുവിന്‍റെ മരണത്തിന് ശേഷമാണ് ഭാര്യ മഞ്ജുഷ സഥലംമാറ്റത്തിന് അപേക്ഷ നല്‍കിയത്. കോന്നി തഹസില്‍ദാറുടെ ചുമതലയിലായിരുന്നു ഇതുവരെ. തഹസില്‍ദാറുടെ ചുമതല ഭാരിച്ചതാണെന്നും നിലവിലെ മാനസികാവസ്ഥയില്‍ അത് താങ്ങാനാകുന്നില്ലെന്നുമായിരുന്നു അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഇതാണ് റവന്യൂ വകുപ്പ് അംഗീകരിച്ച് ഇന്ന് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 

അതിനിടെയാണ് വിവാദ പെട്രോള്‍ പമ്പ് സംരംഭകന്‍ ടി.വി പ്രശാന്തിനെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി നേരിട്ട് കണ്ണൂരിലെത്തിയാണ് അന്വേഷണം നടത്തിയത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ കേസ് ഡയറി ഇന്നലെ ഹാജരാക്കി. ഇതിന് പിന്നാലെയാണ് വിജിലന്‍സും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുന്നത്.

അതേസമയം, ആത്മഹത്യാപ്രേരണാ കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി പി ദിവ്യ സൈബര്‍ അധിക്ഷേപ പരാതി വീണ്ടും നല്‍കി.  കണ്ണൂര്‍ കമ്മീഷണര്‍ക്കാണ് യൂട്യൂബറായ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍ കുന്നതുള്ളി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. ബിനോയ് അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തുന്നുവെന്നും  തന്‍റെ മകളെ കൊല്ലുമെന്ന് വിമല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. നേരത്തെ കണ്ണപുരം പൊലീസിന് കൊടുത്ത പരാതിയിലും കേസെടുത്തിരുന്നു