accident-cctv-alpuzha

സംസ്ഥാനത്തെ റോഡുകളിൽ മരണം താണ്ഡവമാടുന്നത് രാത്രിയിലെ ആറ് മണിക്കൂറുകളിൽ. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് റോഡ് അപകട മരണങ്ങളിൽ 35 ശതമാനവും നടക്കുന്നത്. 4 വർഷത്തിനിടെ ഈ സമയത്തുണ്ടായ അപകടങ്ങളിൽ മാത്രം ജീവൻ നഷ്ടമായത് അയ്യായിരത്തി അഞ്ഞൂറോളം പേർക്ക്. തിരക്ക് കൂടുന്ന സമയത്തെ അമിത വേഗമാണ് വില്ലനെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. 

സിനിമ കാണാൻ ഇറങ്ങിയതായിരുന്നു ആ കൂട്ടുകാർ. അവരേപ്പോലെ നമ്മളും സിനിമക്കും ജോലി കഴിഞ്ഞ് വീട്ടിലേക്കും ദീർഘദൂര യാത്രക്കുമെല്ലാം പലപ്പോഴും തിരഞ്ഞെടുക്കുന്നത് രാത്രി സമയമാണ്. രാത്രിയിലെ ആദ്യ ആറ് മണിക്കൂർ , വൈകിട്ട് 6 മുതൽ അർധരാത്രി 12 വരെ, അതിജാഗ്രത വേണമെന്നാണ് മരണ കണക്കുകൾ ഓർമിപ്പിക്കുന്നത്.  Also Read: കളര്‍കോട് അപകടത്തില്‍ പോറലേല്‍ക്കാതെ രക്ഷ; കണ്‍മുന്നില്‍ ജീവനറ്റ് ഉറ്റ ചങ്ങാതിമാര്‍; നെഞ്ചുതകര്‍ന്ന് ഷെയ്ന്‍


ഈ വർഷം ഓഗസ്റ്റ് വരെ 3378 പേരാണ് റോഡപകടത്തിൽ ആകെ മരിച്ചത്. അതിൽ 1195വും നടന്നത് ഈ മണിക്കൂറിലാണ്. അതായത് 35 ശതമാനം ജീവനുമെടുത്തത് ഈ ആറ് മണിക്കൂർ. 2021ൽ 1244 പേരുടെയും 2022 ൽ 1531വും, 2023 ൽ 1448  ജീവനും ഈ മണിക്കൂറിൽ റോഡിൽ പൊലിഞ്ഞു. ഈ മണിക്കൂറിൽ തന്നെ ആദ്യത്തെ മൂന്ന് മണിക്കൂർ, വൈകിട്ട് ആറ് മുതൽ രാത്രി 9 വരെയുള്ള സമയത്താണ് അപകടവും മരണവും കൂടുന്നത്. ഈ മണിക്കൂറുകൾ കഴിഞ്ഞാൽ റോഡിൽ മരണം കാത്തിരിക്കുന്നത് ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെയുള്ള സമയത്താണെന്നും പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഡ്രൈവർമാർ ഉറങ്ങിപ്പോകാൻ സാധ്യതയുള്ള അർധരാത്രിക്ക് ശേഷമുള്ള മണിക്കൂറാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നാണ് നാം പൊതുവേ കരുതാറ്. എന്നാൽ റോഡിൽ വാഹനങ്ങളുടെ തിരക്ക് ഏറ്റവും കൂടുതലുള്ളപ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ അമിതവേഗത്തിൽ പോകുന്നതാണ് വൈകിട്ട് 6 മുതൽ അർധരാത്രി 12 വരെയുള്ള മണിക്കൂറുകളെ മരണത്തിലേക്കുള്ള വഴിയാക്കുന്നതെന്നാണ് നിഗമനം. ഈ മണിക്കൂറുകളെ സൂക്ഷിച്ചാൽ തന്നെ നമ്മുടെ റോഡ് കുരുതിക്കളമാകുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.

Google News Logo Follow Us on Google News

ENGLISH SUMMARY:

Deaths on the state's roads peak during the first six hours of the night.