ആലപ്പുഴ കളര്‍കോട് അപകടത്തില്‍ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍ബിന്‍ ജോര്‍ജ് ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ആല്‍ബിന്‍ ജോര്‍ജ്. ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അൽബിനെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച അൽബിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. പതിനൊന്ന് പേരാണ് അപകടത്തില്‍ പെട്ട കാറില്‍ കയറിയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി.വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു കാറുമായി വിദ്യാർഥികൾ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.