കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ടീകോം ഗുരുതരമായ വീഴ്ചവരുത്തിയിട്ടും നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയാത്തത് കരാറിലെ ഗുരുതര പാളിച്ച. ഇത് ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സര്‍ക്കാരിന്‍റെ നിക്ഷേപമെങ്കിലും തിരിച്ചുപിടിക്കാനുളള വ്യവസ്ഥ പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയതുമില്ല.
സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് ടീകോമില്‍ നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാനാകുന്നില്ല...? ഈ ചോദ്യത്തിനുള്ള ഉത്തരം 2014 ജൂലൈയില്‍ പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ടീകോം കരാര്‍ലംഘനം നടത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാനോ നിയമനടപടി സ്വീകരിക്കാനോ 2007 മേയില്‍ വി.എസ് സര്‍ക്കാര്‍ ഒപ്പുവച്ച കരാറിലില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. അതേസമയം സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാനുള്ള വ്യവസ്ഥ കരാറിലുണ്ട്. കരാറിലെ ഈ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിക്കുന്നത് കമ്പനിയെ സഹായിച്ചുവെന്നും സി.എ.ജി നിരീക്ഷിക്കുന്നുണ്ട്.
കരാര്‍ ലംഘനത്തിന് ശിക്ഷാ നടപടികള്‍ കരാറില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് വി.എസ് സര്‍ക്കാരിന്‍റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യൂ സമ്മതിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് നിക്ഷേപമായും ചെലവായും വിനിയോഗിക്കേണ്ടി വന്ന പണം ടീകോമില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നുവെന്നും അത് ഉപയോഗിക്കാത്തതിന് സര്‍ക്കാര്‍ മറുപടി പറയമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
അപ്പോഴും കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യവസ്ഥ ഉപയോഗിച്ചാണ് സര്‍ക്കാര്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കി പദ്ധതി അവസാനിപ്പിക്കുന്നതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്താല്‍ നിലനില്‍ക്കുമോ എന്ന സംശയവും ഇതിനാല്‍ ഉയരുന്നു.