സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വിഴ്ചവരുത്തിയ ദുബായ് കമ്പനി ടീകോമിന്. നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ വഴിതുറന്നത് കരാറിലെ വീഴ്ചയെന്ന് നിയമസഭാ പബ്ളിക്ക് അകൗണ്ട്സ് കമ്മറ്റി. കരാറില്‍ കൃത്യമായ വ്യവസ്ഥകളുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം ലഭിക്കുമായിരുന്നു എന്ന് ഐടി വകുപ്പ് സമിതിക്ക് മുന്നില്‍ സമ്മതിച്ചു. സണ്ണിജോസഫ് എം.എല്‍എ അധ്യക്ഷനായ പബ്ളിക്ക് അകൗണ്ട്സ് കമ്മറ്റി 2022 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു.
നിയമസഭയുടെ പബ്ളിക്ക് അകൗണ്ടസ് കമ്മറ്റി 2022 ല്‍ സമര്‍പ്പിച്ച മൂന്നാമത് റിപ്പോര്‍ട്ടിലാണ് സ്്മാര്‍ട്ട് സിറ്റി പദ്ധതിയെ കുറിച്ച് പറയുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ഗുരുതര വിഴ്ച വരുത്തിയ ടീകോം കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോ നഷ്ടപരിഹാരം വാങ്ങുന്നതിനോ സംസ്ഥാനസര്‍ക്കാരിന് കഴിയാത പോയത് കരാറില്‍കൃത്യമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കാത്തതിനാലാണ്. കംപ്ട്രോളര്‍ ആന്‍ഡ് അകൗണ്ടസ് ജനറല്‍ കണ്ടെത്തിയ ഇക്കാര്യം പബ്്ളിക്ക് അകൗണ്ടസ് കമ്മറ്റിയും ശരിവെക്കുന്നു. ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇലക്ട്രോണിക്ക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. വകുപ്പിനെ പ്രതിനിധീകരിച്ചെത്തിയ അഡിഷണല്‍ സെക്രട്ടറി പറഞ്ഞതിങ്ങനെ . സാധാരണ ഇത്തരം ബൃഹത് പദ്ധതികളില്‍ പങ്കാളിയാകുന്ന കമ്പനികള്‍ നഷ്ടപരിഹാര വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തുന്നത് താല്‍പര്യപ്പെടുന്നില്ല. നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് ഒരു വന്‍തുക ലഭിക്കുമായിരുന്നുവെന്നുംഐടി വകുപ്പ് നിയമസഭാ സമിതിക്ക് മുന്നില്‍ സമ്മതിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാരിന്‍റെ മുന്‍ഗണനയും പ്രഥമ ലക്ഷ്യവുമെന്ന് ഐടി വകുപ്പ് പറയുന്നു. വൈകിയാണെങ്കിലും തൊഴില്‍ അവസരങ്ങള്‍സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ നഷ്ടപരിഹാര വ്യവസ്ഥ വേണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഐടി വകുപ്പ് പബ്ളിക്ക് അകൗണ്ടസ് കമ്മറ്റിയെ അറിയിച്ചു. ഒടുവില്‍ ടീക്കോമിന് അങ്ങോട്ട് നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ നിയമസഭാ സമിതി രേഖപ്പെടുത്തിയ സത്യങ്ങള്‍ നിയമസഭാ രേഖകളുടെ കൂമ്പാരത്തില്‍ ആരും ശ്രദ്ധിക്കാതെ അവശേഷിക്കുകയാണ്.