പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വർഗീയ ചുവയുള്ള പത്രപ്പരസ്യം നൽകിയതിൽ വിശദീകരണവുമായി എൽ.ഡി.എഫ്. അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നൽകിയതെന്നും സന്ദീപ് വാരിയരെക്കുറിച്ചുള്ള ഭാഗം എൽ.ഡി.എഫിന്റെ അഭ്യൂദയകാംഷികളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയതെന്നും ചീഫ് ഇലക്ഷന്‍ ഏജന്റ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തിലുണ്ട്. പാലക്കാട്ടെ പരസ്യവിവാദം മന്ത്രി എം.ബി.രാജേഷും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ചേര്‍ന്ന് തയാറാക്കി ബി.ജെ.പിക്ക് വേണ്ടി നല്‍കിയതെന്ന് സന്ദീപ് വാരിയര്‍ മനോരമ ന്യൂസിനോട്.
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട് രണ്ട് പത്രങ്ങളില്‍ മാത്രമാണ് വിദ്വേഷം പരത്തുന്ന മട്ടിലുള്ള പരസ്യം എല്‍.ഡി.എഫ് നല്‍കിയത്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പത്രപ്പരസ്യം വലിയ ചര്‍ച്ചയായി. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരുടെ മുന്‍കാല പ്രതികരണങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്തായിരുന്നു പരസ്യം. വിവാദമായതോടെ വരണാധികാരി എല്‍.ഡി.എഫിനോട് വിശദീകരണം തേടി.
വിവാദ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നോ എന്നത് പ്രത്യേകം രേഖപ്പെടുത്താതെയാണ് എല്‍.ഡി.എഫിന്റെ മറുപടി. വികസന രേഖയ്ക്കൊപ്പം സന്ദീപ് വാരിയര്‍ വിഷയം ആഭ്യൂദയകാംഷികളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന് അറിവുണ്ടായിരുന്നില്ലെന്നും ചീഫ് ഇലക്ഷന്‍ ഏജന്റിന്റെ മറുപടിയിലുണ്ട്. തനിക്കെതിരായ വിവാദ പരസ്യം കൊടുത്തതിന് പിന്നില്‍ സിപിഎം, ബി.ജെ.പി ധാരണയുണ്ടെന്നും മന്ത്രി എം.ബി.രാജേഷും, കെ.സുരേന്ദ്രനുമാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സന്ദീപ് വാരിയര്‍ മനോരമ ന്യൂസിനോട്.
പരസ്യവിവാദത്തില്‍ ഏറെ പ്രതിരോധത്തിലായ സിപിഎമ്മിന്റെ മറുപടിയിലും വ്യക്തതയില്ലെന്നതാണ് കോണ്‍ഗ്രസ് ആക്ഷേപം. പത്രപ്പരസ്യത്തിനെതിരെ യു.ഡി.എഫ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മിന്നും ജയത്തിന് പിന്നാലെ സന്ദീപ് വാരിയരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാകുമെന്ന ചര്‍ച്ചകളും ബലപ്പെടുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.