സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സൂം കാർ ആപ്പ് കേരളത്തിൽ പ്രവർത്തിക്കുന്നത് ഒരു അനുമതിയുമില്ലാതെയെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ റെന്‍റ് എ കാർ ലൈസൻസ് കാലാവധി അഞ്ച് വർഷം മുമ്പ് അവസാനിച്ചു. ഈ നിയമലംഘനം സൈബർ കുറ്റകൃത്യമാണെന്നും കർശന നടപടിയെടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സൂം കാർ ആപ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനോരമന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂം കാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് സംസ്ഥാനത്ത് സർവീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത് 2019 ജനുവരി 20വരെ മാത്രമാണ്. അന്നുവരെയുണ്ടായിരുന്ന റെന്‍റ് എ കാർ ലൈസൻസ് പീന്നീട് കമ്പനി പുതുക്കിയിട്ടില്ല. അഞ്ച് വർഷമായി ഒരു അനുമതിയില്ലാതെ തുടരുന്ന സർവീസ് വഴി കമ്പനി സർക്കാരിനെയും ആയിരക്കണക്കിന് വാഹന ഉടമകളെയും വഞ്ചിച്ചു. എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹനയുടമകളെ കമ്പനി കുരുക്കിലാകിയത്. അഞ്ച് വർഷമായി തുടരുന്ന കമ്പനിയുടെ നിയമലംഘനത്തിന് ഇനിയെങ്കിലും തടയിടാനമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 

സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കർശന നടപടി സ്വീകരിക്കാൻ ജസ്റ്റിസ് ഡി.കെ സിങ് പോലീസിനും സൈബർ സെല്ലിനു നിർദ്ദേശം നൽകി. സൂം കാർ ആപ്പ് വഴി വാടകയ്ക്ക് നൽകിയ കാർ നഷ്ടപ്പെട്ട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ കാറുകൾ വാടകയ്ക്ക് നൽകിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സൂം കാറിന്‍റെ പ്രവർത്തനം നിയമവിരുദ്ധമെന്ന് ഉറപ്പിച്ചതോടെ ആപ്പിന്‍റെ ഭാഗമായി സർവീസ് നടത്തുന്ന കാറുകളും കുരുക്ക് മുറുകും. അനധികൃത ആപ്പിന്‍റെ ഭാഗമായി സർവീസ് നടത്തുന്ന കാറുകൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. 

ENGLISH SUMMARY:

Zoomcar app, which rents out private vehicles, is operating in Kerala without any permission. The company's Rent-a-Car license expired five years ago. The High Court has stated that this violation constitutes a cybercrime and called for strict action to be taken.