വര്‍ഷാവസാനത്തില്‍ മലയാളികള്‍ക്ക് സപ്ലൈകോയുടെ ഇരുട്ടടി. വെളിച്ചെണ്ണയ്ക്ക് 20 രൂപ വര്‍ധിപ്പിച്ചതുള്‍പ്പെടെ നാലിനങ്ങളുടെ വില കൂട്ടി. അവശ്യസാധനങ്ങള്‍ ലഭിക്കാത്തതിനു പുറമെ വിലക്കയറ്റത്തിലും വലഞ്ഞ് സാധാരണക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 21 മുതല്‍ ക്രിസ്മസ് ചന്ത തുടങ്ങാനുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. ജയ അരി, വന്‍പയര്‍, പച്ചരി, വെളിച്ചെണ്ണ എന്നിവയ്ക്കാണ് വിലകൂടിയത്.
75 രൂപയായിരുന്ന വന്‍പയറിന് 79 രൂപ. 26 രൂപയായിരുന്ന പച്ചരിക്ക് 29 രൂപ. വെളിച്ചെണ്ണയ്ക്ക് ഇരുപത് രൂപ കൂടി 130 രൂപയായി. 29 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ജയ അരിക്ക് ഇനി 33 രൂപ കൊടുക്കണം. ഓണത്തിനു മുന്‍പ് വില കൂട്ടിയതിനു പിന്നാലെയാണിത്. വിപണിവിലയ്ക്കനുസരിച്ച് വില കൂട്ടിയതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. പക്ഷേ, സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കിത് ഇരുട്ടടി തന്നെയാണ്. പല ഔട്‍ലെറ്റുകളിലും സബ്സിഡി ഇനങ്ങളടക്കം കിട്ടാനില്ല.
600 കോടി രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ള സപ്ലൈകോ നിലവില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. കരാറുകാരുടെ നിസഹകരണം മൂലം ടെന്‍ഡറുകള്‍ ഏറ്റെടുക്കാനും ആളില്ല. ക്രിസ്മസ് ചന്ത ആകുമ്പോഴേയ്ക്കും കുടിശിക കുറച്ചെങ്കിലും കൊടുത്തു തീര്‍ക്കാനായാല്‍ സപ്ലൈകോയ്ക്ക് ആശ്വസിക്കാം. ഈ മാസം 21 മുതല്‍ 31 വരെ ചന്ത നടത്താനാണ് തീരുമാനം. ഓണക്കാല വില്‍പനയില്‍ വന്‍ നേട്ടമാണ് സപ്ലൈകോ നേടിയത്.