ശബരിമലയിൽ നടൻ ദിലീപിന്റെ വി.ഐ.പി ദർശനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹരിഹരസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്ന് വിമർശിച്ചു. മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

Read Also: ദിലീപിനു ശബരിമലയില്‍ വി.ഐ.പി പരിഗണന; ദേവസ്വം ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇക്കാര്യം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹരിവരാസന സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞു. വിഷയം തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും

നടന്‍ ദിലീപിനു ശബരിമലയില്‍ ദര്‍ശനത്തിനു വി.ഐ.പി പരിഗണന കിട്ടിയതില്‍ ദേവസ്വം ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫിസര്‍ മുരാരി ബാബു പറഞ്ഞു. ദിലീപിനു ശബരിമലയില്‍ ദര്‍ശനത്തിനു വി.ഐ.പി പരിഗണന കിട്ടിയതെങ്ങനെയന്നു ഹൈക്കോടതി ചോദിച്ചതിനു പിന്നാലെയാണ് നടപടി. വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല. 

ഹരിവരാസനം പാടി നടയടയ്ക്കുന്ന സമയത്താണ് നടന്‍ ദിലീപ് ദര്‍ശനത്തിനായി എത്തിയത്. ഇന്നലെ 10.45 നു സന്നിധാനത്തെത്തിയ ദിലീപ് ഹരിവരാസനത്തിനു തൊട്ടുമുന്‍പാണ് സോപാനത്തേക്ക് എത്തിയത്. ഹരിവരാസനത്തിനം തീരുന്നതു വരെ മുന്‍നിരയില്‍ തന്നെ നിന്ന ദിലീപ് അതിനുശേേഷം തൊഴുതു മടങ്ങുകയായിരുന്നു. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. മറ്റുള്ള ആളുകളുടെ ദര്‍ശനം മുടങ്ങിയില്ലേയെന്നാരാഞ്ഞ കോടതി ദര്‍ശനം കിട്ടാത്തവര്‍ ആരോടു പരാതി പറയുമെന്നും ചോദിച്ചു. 

ENGLISH SUMMARY:

HC raps TDB, police over actor Dileep's 'VIP darshan' at Sabarimala