കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ നിന്ന് രക്തക്കറകള്‍ കണ്ടെത്തിയതായി പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എന്നാല്‍ ശരീരത്തിന്‍റെ മറ്റിടങ്ങള്‍ സാധാരണ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രക്തക്കറയെ കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതിനാല്‍ ദുരൂഹത സംശയിച്ച് നവീന്‍ ബാബുവിന്‍റെ ബന്ധുക്കള്‍ രംഗത്തുവന്നു. എന്നാല്‍, തൂങ്ങിമരണത്തില്‍ രക്തംവരുന്നത് സ്വാഭാവികമാണെന്നാണ് പൊലീസ് വിശദീകരണം.
Read Also: നവീന്‍ ബാബുവിന്‍റെ ഇന്‍ക്വസ്റ്റിന് അനുമതി നല്‍കിയെന്ന പൊലീസ് സത്യവാങ് മൂലം നുണയെന്ന് കുടുംബം
ഒക്ടോബര്‍ പതിനഞ്ചിന് രാവിലെ പൊലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് അടിവസ്ത്രത്തില്‍ നിന്ന് രക്തക്കറകള്‍ കണ്ടതായി ചൂണ്ടിക്കാട്ടിയത്. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ തുടങ്ങിയവ സാധാരണ നിലയിലാണെന്നും ശരീരത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് എഫ്ഐആറിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലാത്തതാണ് ബന്ധുക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന് പൊലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരുക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
കുടുംബത്തിന്‍റെ ആരോപണം ഏറ്റെടുത്ത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും രംഗത്തെത്തി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രമക്കേട് നടത്തി. കുടുംബത്തെ അറിയിക്കുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി. അഴ കെട്ടുന്ന 0.5 സെ.മീ. വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 55കിലോ ഭാരമുള്ള മനുഷ്യന്‍ ഈ കയറില്‍ തൂങ്ങിമരിച്ചുവെന്നത് അവിശ്വസനീയമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി സമ്മര്‍ദം ചെലുത്തിയോ എന്ന് സംശയമുണ്ട്. കേസില്‍ കക്ഷിചേരുമെന്നും പി.വി.അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു
അതേസമയം, ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് പൊലീസ്. തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പൊലീസ് വാദം.