ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ വിപ്ളവ നക്ഷത്രമായിരുന്ന കാനം രാജേന്ദ്രൻ വിട പറഞ്ഞിട്ട് ഇന്ന് ഒരാണ്ട്. നിലപാടുകൾ വിട്ടുവീഴ്ച ഇല്ലാതിരുന്ന കാനം തന്‍റെ മുൻഗാമികൾ സ്ഥാപിച്ചെടുത്ത തിരുത്തൽ ശക്തിയെന്ന സിപിഐയുടെ പ്രതിച്ഛായക്ക് തിളക്കം കൂട്ടിയ സംസ്ഥാന സെക്രട്ടറിയായിരുന്നു . കാനം കർശനമായ നിയന്ത്രിച്ചിരുന്നു പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങൾ വീണ്ടും തലയുയർത്തുന്നതാണ് വിയോഗത്തിന്റെ ഒന്നാം വർഷത്തിൽ പാർട്ടിയുടെ പ്രതിസന്ധി
കേരള രാഷ്ട്രീയത്തിൽ നെടുംതൂണായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് 73 ആം വയസിൽ കാനം വിട പറഞ്ഞത്. പതിവുപോലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ കാനം വിട പറഞ്ഞെന്ന് ഒരാണ്ടായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല. നിലപാടുകളിലെ കൃത്യതയായിരുന്നു കാനം രാജേന്ദ്രന്റെ ശക്തി. ഗവർണറെ അനുനയിപ്പിക്കാൻ രാജ്ഭവനിൽ പോയ മുഖ്യമന്ത്രിയെയും കെഎം മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയെ കൊണ്ടുവരാൻ ശ്രമിച്ച കോടിയേരി ബാലകൃഷ്ണനെയും എതിർക്കുമ്പോൾ അതിന് ഒരു മറയും ഉണ്ടായിരുന്നില്ല.
കാനം രാജേന്ദ്രന്റെ വിയോഗത്തിനുശേഷം സംഘടനാ പ്രശ്നങ്ങൾ പാർട്ടിയിൽ വീണ്ടും തലപൊക്കിയത് കാനത്തിന്‍റെ സംഘടനാ മികവിന് ഓർമ്മപ്പെടുത്തുന്നു. പാലക്കാട് ഇപ്പോള്‍ രൂപം കൊണ്ട സേവ് സിപിഐ ഫോറം എന്ന വിമത വിഭാഗം കാനത്തെ ഭയന്ന് തലപൊക്കാൻ മടിച്ചവരായിരുന്നു. തിരുത്തൽ ശക്തിയായി നിലകൊള്ളുമ്പോഴും ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ അതു ബാധിക്കാതിരിക്കാൻ കാനം എപ്പോഴും ശ്രമിച്ചിരുന്നു
സി പി ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ എന്തു പറയണമെന്ന് തീരുമാനിക്കുന്നത് കാനമായിരുന്നു . ലോകായുക്ത നിയമഭേദഗതി മന്ത്രിസഭ പാസാക്കിയപ്പോൾ അത് കൃത്യമായി മനസ്സിലാക്കാതിരുന്ന സിപിഐ മന്ത്രിമാരെ പാർട്ടി ആസ്ഥാനത്തേക്ക് വിളിച്ചു കാനം കണക്കിന് ശാസിച്ചിരുന്നു. സിപിഎം -സിപിഐ ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമെടുക്കാതെ കാനം രാജേന്ദ്രന്റെ കാലത്ത് സിപിഎം ഒരു വിഷയവും ഇടതുമുന്നണി യോഗത്തിൽ അവതരിപ്പിച്ചിരുന്നില്ല.
ഇന്ന് വീണ്ടും ചർച്ചയാകുന്ന സിൽവർ ലൈന്‍റെ കാര്യത്തിലും മാവോയിസ്റ്റ് വേട്ടകളിലും സിപിഎമ്മിന്റെ നിലപാടിനെതിരെ പറയാൻ കാനം മടിച്ചിരുന്നില്ല. കാനം ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എം ആർ അജിത് കുമാറിനെ മാറ്റാനും തൃശ്ശൂർ പൂരത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ ഇത്രയും വൈകില്ലായിരുന്നുവെന്ന് കരുതുന്നവർ സിപിഐയിൽ ഏറെയാണ്. കാനം വെട്ടിയ പാതയിലൂടെ പാർട്ടിയെ നയിക്കുക എന്നത് തന്നെയാണ് പുതിയ നേതൃത്വത്തിന്റെയും വെല്ലുവിളി