തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനിടയിലും സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. സമഗ്ര പുനഃസംഘടനയിൽ കെ.സുധാകരൻ മാറിയാൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും എന്നതിനെ ചൊല്ലിയാണ് ചർച്ചകൾ. തദ്ദേശ തിരഞ്ഞെടുപ്പ് വരെ നേതൃമാറ്റം അജൻഡയിൽ ഇല്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ.പി.സി.സിയിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന കെ.സുധാകരന്റെ പ്രസ്താവനയോടെയാണ് ഗ്രൂപ്പുകളും സ്ഥാനമോഹികളും ആദ്യം ഉണർന്നത്. ഗ്രൂപ്പ് വീതംവയ്പ്പും കണക്കെടുപ്പും പെട്ടെന്ന് നേതൃമാറ്റചർച്ചകൾക്ക് വഴിമാറി. 

നാലാംവർഷം ഓട്ടം തുടരുന്ന കെ.സുധാകരൻ മാറുമെന്നായി അണിയറ സംസാരം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ക്രൈസ്തവ വിഭാഗത്തിൽ നിന്നൊരാൾ വരണമെന്ന ആവശ്യവും ഇതോടെ തലപൊക്കി. വി.ഡി.സതീശനുമായി ഏറെ അടുപ്പമുള്ള കണ്ണൂരിൽ നിന്നുതന്നെയുള്ള സണ്ണി ജോസഫിന്റെ പേരും സഭാ നേതൃത്വത്തിന് താൽപര്യമുള്ള റോജി എം. ജോണിന്റെ പേരും സുധാകരന് പകരക്കാരായി നേതാക്കൾക്കിടയിൽ തന്നെ ഉയർന്നുകേൾക്കുന്നുണ്ട്. 

കെ.പി.സി.സി അധ്യക്ഷൻ - പ്രതിപക്ഷ നേതാവ് പദവികളിൽ ഇക്കഴിഞ്ഞ പത്തുവർഷത്തിനിടെ പരീക്ഷിച്ച ഈഴവ- നായർ കോമ്പിനേഷൻ വേണ്ടത്ര ഗുണം ചെയ്തില്ലെന്ന വാദവും ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് ശേഷം ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള തന്ത്രവുമെന്ന നിലയിലാണ് ഇത്. അതേസമയം, സുധാകരൻ മാറിയാൽ സതീശന്റെ കരുത്ത് കൂടുമെന്ന് കരുതുന്ന കെ. മുരളീധരൻ ഉൾപ്പെടെയുള്ള സതീശൻ വിരുദ്ധ പക്ഷം നേതൃമാറ്റത്തെ പരസ്യമായി എതിർത്തുകഴിഞ്ഞു. ഇതോടെ, തദ്ദേശ തിരഞ്ഞെടുപ്പ് വരെ നേതൃമാറ്റം അജൻഡയിൽ ഇല്ലെന്ന് വ്യക്തമാക്കി നേതാക്കളുടെ വായ അടപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. 

ENGLISH SUMMARY:

Will K. Sudhakaran Step Down as KPCC President?