കപ്പ കൃഷിക്കൊപ്പം ഒരു കഞ്ചാവ് തൈ കൂടി നടുന്നത് ജോർജിനൊരു ശീലമാണ്. വില്‍ക്കാനൊന്നുമല്ല, സ്വന്തം ആവശ്യത്തിനുള്ളത് സ്വന്തം പറമ്പില്‍ നിന്ന് കൃഷി ചെയ്യുക എന്നതായിരുന്നു രീതി. ജൈവ വളം മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ ആ കരുതല്‍ കയ്യോടെ ഉടുമ്പൻചോല എക്സൈസ് പൊക്കി.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ് പിടിയിലായ ജോര്‍ജ്. നേരത്തേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇടുക്കി ബേഡിമെട്ട് സ്വദേശിയാണ്. കൃഷിയാണ് ജോര്‍ജിന്‍റെ വരുമാന മാര്‍ഗം. കപ്പയാണ് പ്രധാന കൃഷി. കപ്പയ്ക്കൊപ്പമായിരുന്നു ജോര്‍ജ് കഞ്ചാവും നട്ടുപിടിപ്പിച്ചത്. എന്നാല്‍ കപ്പ കൃഷിക്കു നടുവിൽ ജൈവവളം ഇട്ടു വളർത്തിയ കഞ്ചാവ് എക്സൈസ് പൊക്കി.
കപ്പയ്ക്കൊപ്പം കഞ്ചാവ് ചെടി കണ്ട നാട്ടുകാരാണ് എക്സൈസിനെ വിവരമറിയിച്ചത്. സ്വന്തം ഉപയോഗത്തിനായി ഒറ്റ ചെടി മാത്രമാണ് നട്ടതെന്ന് ജോർജ് എക്സൈസ് സംഘത്തോട് പറഞ്ഞു. മുൻപും സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് നട്ടിട്ടുണ്ടെന്നാണ് ജോർജിന്റെ കുറ്റസമ്മതം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.