കോഴിക്കോട് ബീച്ച് റോഡിൽ വിഡിയോ ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ച കാര്‍ തിരിച്ചറിഞ്ഞ് പൊലീസ്. മലപ്പുറം സ്വദേശി സാബിദ് കല്ലിങ്ങലിന്‍റെ കാറാണ് ഇടിച്ചതെന്നായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും സാബിദിന്‍റെ സഹോദരന്‍റെ ബന്ധു മുഹമ്മദ് റബീസിന്‍റെ ബെന്‍സ് കാറാണ് അപകടമുണ്ടാക്കിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണും പരിശോധിച്ച പൊലീസ് സാബിദിനെയും റബീസിനെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, ആല്‍വിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ബീച്ച് റോഡില്‍ വച്ച് അപകടമുണ്ടായത്. സാബിദിന്‍റെയും സഹോദരന്‍റെ ബന്ധുവിന്‍റെ കാറും വച്ചാണ് പ്രമോഷന്‍ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനായാണ് ആല്‍വിന്‍ എത്തിയത്. രണ്ട് വാഹനങ്ങളും ഓടുന്നതിന്‍റെ വിഡിയോ ചിത്രീകരണത്തിനിടെ വാഹനങ്ങളിലൊന്നിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ആല്‍വിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി.
വൃക്കരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്് മടങ്ങുന്നതിനിടെയാണ് കാറിന്‍റെ രൂപത്തില്‍ വടകര സ്വദേശി ആല്‍വിനെ മരണം തട്ടിയെടുത്തത്. നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവല്‍കരിച്ചായിരുന്നു പുതിയ ജീവിതത്തിനായുള്ള ചികില്‍സാ ധനാസഹായം കണ്ടെത്തിയത്. തുടര്‍ ചികില്‍സകള്‍ നടത്താനായി നാട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.