പാലക്കാട് കരിമ്പയില്‍ ലോറി മറിഞ്ഞുവീണ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. അപകടം നടന്നതിന് സമീപത്തെ ബൈക്ക് വര്‍ക്ക്ഷോപ്പിലെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍പെട്ട 5 വിദ്യാര്‍ഥിനികള്‍ ഒന്നിച്ച് നടന്ന് പോകുന്നതിന്റെയും തൊട്ടുപിന്നാലെ ലോറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിന്റെ ഉഗ്രശബ്ദം കേട്ട് വര്‍ക്ക്ഷോപ്പിലെ തൊഴിലാളികള്‍ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോളാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പെട്ടത്. കരിമ്പ ചെറുള്ളി സ്വദേശികളായ ഇര്‍ഫാന, നിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേ നാലുപേരും മരിച്ചിരുന്നു. പാലക്കാട് നിന്ന് സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിയിലടിച്ച് നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞുവീണത്. കൂട്ടത്തിലെ ഒരു കുട്ടിമാത്രം ചാടി രക്ഷപെട്ടെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു.

Also Read: 'ഒരാളെ പുറത്തെടുത്തത് മുടിമുറിച്ച്, മറിഞ്ഞ ലോറിക്ക് അമിത വേഗമില്ല'

വളവ് നിവര്‍ത്താതെ റോഡ് നിര്‍മിച്ചത് അപകടങ്ങള്‍ക്ക് മുഖ്യകാരണം. ദുബായ്കുന്ന് മുതല്‍ പള്ളിപ്പടി വരെ നൂറിലേറെ  അപകടങ്ങള്‍ സംഭവിച്ചു. പലതവണ സമരം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട്. അപകടസ്ഥലത്ത് മണിക്കൂറുകള്‍ നാട്ടുകാരുടെ രോഷം. അപകടമുണ്ടായ റോഡില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. 

ലോറിക്കടിയില്‍ കൂടുതല്‍ കുട്ടികളുണ്ടോയെന്ന സംശയം പ്രദേശവാസികൾക്കും രക്ഷാപ്രവർത്തകർക്കും ഉണ്ടായിരുന്നു. പിന്നീട് ലോറി ഉയര്‍ത്തിയ ശേഷമാണ് കൂടുതല്‍പ്പേർ അപകടത്തില്‍പ്പെട്ടില്ലെന്ന് സ്ഥിരീകരിച്ചത്. വിദ്യാർഥിനികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തേക്ക് ഉടൻ പോകാൻ നിർദേശിച്ച മന്ത്രി വി.ശിവൻകുട്ടി ജില്ലാ കലക്ടറോട് റിപ്പോർട്ടും തേടി.

ENGLISH SUMMARY:

CCTV Visuals of Palakkad Karimba Accident