സംസ്ഥാന ദുരന്തപ്രതികരണ ഫണ്ട് കാലിയാണെന്ന് കണക്കുകൾ സഹിതം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കണമെന്ന് ഹൈക്കോടതി. തുറന്ന മനസോടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ ബാക്കിയുള്ള 700 കോടിയിൽ 639 കോടിയും വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
ഹൈക്കോടതി നിർദേശപ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡിസംബർ പത്തിലെ കണക്ക് പ്രകാരം 700.5 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ ഉണ്ടെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയത്. ഇതിൽ 638.95 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ഉത്തരവുകൾ പ്രകാരം നൽകാനുണ്ട്. ബാക്കിയുള്ളത് 61.53 കോടി രൂപയാണ്. വേനൽക്കാലത്തെ വരൾച്ചയടക്കമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഈ തുക മാത്രമേയുള്ളൂവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപ്പൊട്ടലിന് തൊട്ടുപിന്നാലെ SDRFല്‍ നിന്ന് നല്‍കിയത് 21 കോടി രൂപ. മാനദണ്ഡങ്ങൾ പ്രകാരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി SDRFല്‍ നിന്ന് ഇനി നല്‍കാനാവുന്നത് ആകെ 77.9 കോടി രൂപയെന്നും സംസ്ഥാന സർക്കാർ. ഉരുൾപൊട്ടലിന് പിന്നാലെ 682 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
പുനരധിവാസത്തിനായി തുറന്ന മനസോടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഉദ്ദേശിക്കുന്നത്.
SDRF ലെ മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നതില്‍ വ്യക്തത വരുത്തണം. സര്‍ക്കാരിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് നല്‍കാനുള്ള തുകയാണ് SDRF ൽ ബാക്കിയുള്ളതെന്ന് ബോധ്യപ്പെടുത്തണം. കേന്ദ്രത്തിന് കൂടി വിശ്വാസിയോഗ്യമായ ഏജന്‍സിയെ നിയോഗിച്ചു വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എസ്ഡിആർഎഫ് കാലിയാണെന്ന കാര്യം കണക്കുകൾ വച്ച് കേന്ദ്രത്തെ അറിയിക്കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് നടത്തുന്നത് എന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിഷയം ഈ മാസം 18ന് വീണ്ടും പരിഗണിക്കും.