കണ്ണൂർ തോട്ടട ഐടിഐയിൽ ഉണ്ടായ എസ്എഫ്ഐ - കെഎസ്‌യു സംഘർഷത്തിൽ കേസെടുക്കാതെ പൊലീസ്. കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിൻ അടക്കമുള്ള കെഎസ്‌യു പ്രവർത്തകർക്കും മറ്റ് എസ്എഫ്ഐ പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റ് കഴിയുന്നതിനിടെയാണ് പോലീസ് കേസെടുക്കാതെ അലംഭാവം കാണിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുന്ന സംഭവത്തിലാണ് പൊലീസ് നടപടി വൈകിപ്പിക്കുന്നത്.
അതേ സമയം കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രവും പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളുമായിഅധപതിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ സർവ്വകലാശാല യൂണിയൻ നാളെ മുതൽ സംഘടിപ്പിക്കാനിരുന്ന ലിറ്റ്‌റേച്ചർ ഫെസ്റ്റിവെൽ ബഹിഷ്കരിക്കാനും കെഎസ്‌യു തീരുമാനിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഐ.ടി.ഐ എസ്.എഫ്.ഐയുടെ ആയുധപ്പുരയാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.