ഗുണഭോക്താക്കള്‍ക്ക് മരുന്നുമില്ല, ജീവനക്കാര്‍ക്ക് നാലു മാസമായി ശമ്പളവുമില്ല. കായംകുളം നഗരസഭയില്‍ വയോമിത്രം പദ്ധതി താളം തെറ്റുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ പദ്ധതി നിന്ന് പോകുമെന്ന ആശങ്കയിലാണ് രോഗികൾ.
65 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് കായംകുളത്ത് താളം തെറ്റുന്നത്. ഗുണഭോക്താക്കള്‍ക്ക് മരുന്ന് കിട്ടുന്നത് വല്ലപ്പോഴും മാത്രം. ഡോക്ടർ,നേഴ്സ്.,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവരാണ് ഒരു യൂണിറ്റിൽ ഉള്ളത്. ഇവർക്ക് ആകട്ടെ ശമ്പളം കിട്ടിയിട്ട് നാല് മാസമായി. സഞ്ചരിക്കാനുള്ള വാഹനം വാടക നല്കാത്തതിനാൽ കരാറുകാരന്‍ തിരികെ കൊണ്ട് പോയി.നഗരസഭ കൗൺസിലര്‍മാര്‍ വാഹനം വിട്ട് നൽകിയാണ് പലപ്പോഴും രോഗികളെ ശുശ്രുഷിക്കാൻ പോകുന്നത്
മിക്ക മരുന്നുകളും പുറത്ത് നിന്നും വാങ്ങണം. പ്രമേഹ രോഗികൾക്ക് ഒരു മാസം 6 ഇൻസുലിൻ നൽകിയിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് നൽകുന്നത്. ഒരു യൂണിറ്റിൽ നൂറോളം രോഗികളാണ് ഉള്ളത് ആവശ്യത്തിനുള്ള മരുന്ന് കിട്ടാറില്ലെന്നും ഇവർ പറയുന്നു.