ദേവീസ്തുതികളും ശരണ മന്ത്രങ്ങളും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ പതിനായിരങ്ങൾ ചക്കുളത്ത്കാവ് ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് കൊളുത്തിയ അഗ്നി ,മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തർ ദിവസങ്ങൾക്കു മുമ്പു തന്നെ ചക്കുളത്ത് കാവ് ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു
ചക്കുളത്ത് കാവ് ക്ഷേത്രത്തിന്‍റെ പരിസരത്തും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലും നിറഞ്ഞ ഭക്തരുടെ നിര അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ തകഴിവരെയും, എംസി റോഡിലേക്കും , കിടങ്ങറ നീരേറ്റുപുറം റോഡിലേക്കും നീണ്ടു. പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചു. വിളിച്ചു ചൊല്ലി പ്രാർത്ഥനയ്ക്കു ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും കൊളുത്തിയ ദീപത്തിൽ നിന്ന് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു തുടർന്ന് പൊങ്കാല അടുപ്പുകൾ ജ്വലിച്ചു
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് മകൻ ഗോകുൽ സുരേഷ് ഗോപി, ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ റെജി ചെറിയാൻ എന്നിവർ മുഖ്യാതിഥികളായി. നിവേദ്യം പാകപ്പെടുത്തിയ ശേഷം 500-ല്‍ പരം വേദ പണ്ഡിതരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.