സംസ്ഥാനത്ത് കനത്ത മഴ. എറണാകുളം, ഇടുക്കി ജില്ലകളില്‍ സാമാന്യം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മണ്ഡലകാലത്തെ ഏറ്റവും ശക്തമായ മഴയാണ് ശബരിമലയില്‍. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തമായത്. ഇത് വരുന്ന മണിക്കൂറുകളില്‍ ശക്തി കുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ മണ്ഡലകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി ശബരിമലയില്‍ ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ ലഭിച്ചു. സന്നിധാനത്തേക്കുള്ള വഴികളിലൊന്നും ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വഴുക്കലുള്ളതിനാല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. പത്തനംതിട്ടജില്ലയിലാകെ ശക്തമായ മഴ കിട്ടുന്നുണ്ട്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. എറാണാകുളം ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ട്. ഇടുക്കി കല്ലാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറന്നു. ആനയിറങ്കലില്‍ നിന്ന് സ്്പില്‍വേവഴി വെള്ളം തുറന്നു വിട്ടു.
രാത്രി മുതല്‍ എറണാകുളം ജില്ലയില്‍ ഇടവിട്ട് മഴ ലഭിച്ചിരുന്നു. പത്തനംതിട്ടയിലും നല്ലതോതില്‍ മഴ ലഭിച്ചു. ആലപ്പുഴയിലും കോട്ടയത്തും പുലര്‍ച്ചെ മുതല്‍ മഴ കിട്ടുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ടുദിവസമായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് പൊന്‍മുടി ഇക്കോടൂറിസം കേന്ദ്രം അടച്ചു. മങ്കയം , കല്ലാര്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും തല്‍ക്കാലത്തേക്ക് പൂട്ടി. കോവളത്തും നിയന്ത്രണങ്ങളുണ്ട്. സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. ബോട്ട് സര്‍വീസും പാരാഗ്്ളൈഡിങും നിര്‍ത്തിവച്ചു.
തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് പരക്കെ മഴ ലഭിക്കുന്നത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.