ഹൈക്കോടതിയുടെ ആന എഴുന്നെള്ളിപ്പ് മാർഗനിർദേശത്തിനെതിരെ ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി ഉത്സവരക്ഷാ സംഗമം നടത്തി. തൃശൂർ തെക്കേ ഗോപുരനടയിലായിരുന്നു സംഗമം. വിവിധ രാഷ്ട്രീയ കക്ഷികളെയും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി നടത്തിയ സംഗമത്തിൽ പരസ്പരം പരിഹസിച്ച് കെ.സുരേന്ദ്രനും വി.എസ്.സുനിൽകുമാറും.
നാട്ടാന സംരക്ഷണ നിയമ ഭേദഗതി ബിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്നാൽ പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്ന് രമേശ് ചെന്നിത്തല സംഗമത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തമിഴ്നാട് ജെല്ലിക്കെട്ട് വിഷയത്തിൽ കൊണ്ടുവന്ന നിയമനിർമ്മാണം പോലെ കേരളത്തിലും നിയമനിർമ്മാണം കൊണ്ടുവരണം എന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. എല്ലാ കാര്യത്തിലും ഐക്യത്തിലുള്ള ഭരണപക്ഷവും പ്രതിപക്ഷവും ഇതിലും ഒന്നിച്ചു നിൽക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
പരസ്പരം പരിഹസിച്ചെങ്കിലും കോടതിവിധി അംഗീകരിക്കാൻ ആവില്ല എന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരേ അഭിപ്രായമായിരുന്നു. സംഗമത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പെരുവനം കുട്ടന്മാരാർ , ദേവസ്വം ഭാരവാഹികൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.