കാസര്‍കോട് വെള്ളരിക്കുണ്ട് പുങ്ങന്‍ചാലില്‍ വഴിപ്രശ്നത്തില്‍ നാട്ടുകാരുടെ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് രണ്ടു ചേരിയായി തിരിഞ്ഞ് പരസ്പരം റോഡില്‍ ഏറ്റുമുട്ടിയത്. കമ്പും വടികളും ഉപയോഗിച്ച് അടിക്കുകയായിരുന്നു. പരുക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.
വഴിയുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി നാട്ടുകാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കവും കോടതിയില്‍ കേസടക്കമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുവിഭാഗം ഈ വഴിയുടെ വീതി കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഇത് പരസ്യമായ തല്ലില്‍ കലാശിക്കുകയായിരുന്നു. പൊലീസ് അടക്കമുള്ളവര്‍ പലതവണ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല. കേസ് ഇപ്പോള്‍ കോടതിയിലാണ്. അതിനിടയിലാണ് വീണ്ടും പരസ്യമായ അടിയിലേക്ക് നീങ്ങിയത്.