വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയില്‍ മാറ്റമില്ലെന്ന് കേന്ദ്രം.  2034 മുതല്‍ വരുമാന വിഹിതത്തിന്‍റെ 20% പങ്കുവയ്ക്കണമെന്നും കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും  കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കി. ഹാരിസ്  ബീരാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിക്കുന്നതിനാൽ കേന്ദ്രത്തിനും വരുമാന വിഹിതത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇക്കാരണത്താൽ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) 817 കോടി രൂപ ഗ്രാന്റായി നൽകില്ല, 20% വരുമാന വിഹിതം പങ്കുവയ്ക്കുന്ന വായ്പയായി മാത്രമേ നൽകൂവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു.   സാമ്പത്തിക പങ്കാളിയായ സംസ്ഥാന സർക്കാർ ഏതാണ്ടു 4600 കോടി രൂപ മുടക്കുമ്പോഴാണ്, 817 കോടി രൂപയുടെ വിജിഎഫ് നൽകുന്നതിനാലാണു കേരളത്തിനു വരുമാനവിഹിതം ലഭിക്കുന്നതെന്ന വിചിത്രവാദം കേന്ദ്രമന്ത്രി ഉന്നയിച്ചിരിക്കുന്നത്. 

വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ വച്ച ഘട്ടത്തിൽതന്നെ കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്കു നൽകുന്ന കേന്ദ്ര സഹായമാണ് ഇത്. പദ്ധതിക്കു പണം മുടക്കുന്നതു കൂടാതെ, തുല്യ തുക സംസ്ഥാനവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വിജിഎഫ് നെറ്റ് പ്രസന്റ് വാല്യു കണക്കാക്കി, വരുമാന വിഹിതം ഈടാക്കുന്ന രീതിയിലാണു നൽകുകയെന്നു കേന്ദ്രം പിന്നീട് അറിയിച്ചു. 

തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെയാണു വിഴിഞ്ഞത്തിനും വിജിഎഫ് ഗ്രാന്റായി നൽകണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതു നടക്കില്ലെന്നു കേന്ദ്രം പലവട്ടം വ്യക്തമാക്കിയതിനെ തുടർന്നാണു നിർമല സീതാരാമനു മുഖ്യമന്ത്രി കത്തയച്ചത്. ഇതിനുള്ള മറുപടിയിൽ, തൂത്തുക്കുടി തുറമുഖത്തിന്റെ ചെലവു വഹിക്കുന്നതു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് അതോറിറ്റിയാണെന്നും വരുമാനവും അവിടേക്കു തന്നെയാണു ലഭിക്കുന്നതെന്നും നിർമല സീതാരാമൻ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

No relief on viability gap funding in vizhinjam port