വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ അരകിലോമീറ്ററോളം കാറിൽ വലിച്ചിഴച്ചു ക്രൂരത. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനാണ് നാലംഗ സംഘം പുൽപ്പള്ളി - മാനന്തവാടി റോഡിലൂടെ യുവാവിനെ വലിച്ചിഴച്ചു കൊണ്ടു പോയത്. ഗുരുതരമായി പരുക്കേറ്റ ചെമ്മാട് ഊരിലെ മാതനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂടൽകടവിൽ ആദിവാസി യുവാവ് മാതനു നേരെ ആക്രമണമുണ്ടായത്. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികളുടെ തെറി വിളി ചോദ്യം ചെയ്തതോടെയാണ് മർദനത്തിലേക്കെത്തിയത്. പിന്നാലെ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ദേഹമാസകലം പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. തർക്കവും തെറിവിളിയും കേട്ട് പോയി നോക്കിയതാണെന്നും പിന്നാലെ ആക്രമിക്കുകയായിരുന്നെന്നും മാതൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. നാട്ടുകാർക്കു നേരെ സംഘം കല്ലെറിഞ്ഞെന്നും കേണപേക്ഷിച്ചിട്ടും വിട്ടില്ലെന്നും മാതന്റെ സഹോദരൻ വിനു മനോരമ ന്യൂസിനോട് പറഞ്ഞു
ആക്രമികളെ പിന്നാലെ കുതിച്ച നാട്ടുകാരാണ് ദൃശ്യം പകർത്തിയത്. മാതനെ ഉപേക്ഷിച്ച് സംഘം കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തം. മാനന്തവാടി പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ കേളു ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.