ചോദ്യപേപ്പര്‍ ചോര്‍ച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വിഷയത്തിന്‍റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എം.എസ്.സൊല്യൂഷൻ യുട്യൂബ് ചാനൽ മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.
വിദ്യാഭ്യാസവകുപ്പിന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ചോര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതോടൊപ്പം ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടോയെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരില്‍ നിന്നും പ്രവചനമെന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യുട്യൂബ് ചാനലിലെ ആള്‍ക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എം.എസ്.സൊല്യൂഷൻ യുട്യൂബ് ചാനൽ പ്രവർത്തനം നിർത്തി. സത്യം തെളിയും വരെ ഇനി വീഡിയോകൾ പോസ്റ്റ് ചെയ്യില്ലെന്ന് സിഇഒ യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവെന്ന് ആരോപിച്ച് എംഎസ് സൊല്യൂഷൻ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.