governor

TOPICS COVERED

കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. പൊലീസ് സുരക്ഷ മറികടന്ന് ഗവർണർ പ്രസംഗിച്ച സെനെറ്റ് ഹാളിന്റെ മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധവുമായെത്തി. ഗേറ്റിന് പുറത്ത് പ്രകടനം പൊലീസ് തടഞ്ഞെങ്കിലും, പ്രവർത്തകർ പിന്മാറാതെ വന്നതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് അകത്ത് കയറിയ പ്രവർത്തകരാണ് സെനറ്റ് ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 

 

സംസ്കൃത വിഭാഗത്തിൻറെ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർക്ക് നേരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. സെനറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, യൂണിറ്റ് ഭാരവാഹികളെ സത്യപ്രതിഞ്ജ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രതിഷേധം. രണ്ടര വർഷത്തിനുശേഷമാണ് സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. 

ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ ചടങ്ങിന്  കയറിയതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രതിഷേധ പ്രകടനമായി എത്തിയത്. സുരക്ഷയ്ക്കായി സെനറ്റ് ഹാളിന് അകത്തും പുറത്തും കൂടുതൽ പോലീസിനെ വിന്യസിച്ചെങ്കിലും പ്രതിഷേധം പ്രധാന കവാടം മറികടന്ന് സെനറ്റ് ഹാളിന് അരികിലെത്തി. ഹാളിനുള്ളിൽ എസ്എഫ്ഐക്കാർ ഉണ്ടെന്ന നിഗമനത്തിൽ വാതിലുകളും ജനലുകളും പോലീസ് അടച്ചുപൂട്ടി. സർവകലാശാല ചുമതലകളിൽ നിന്ന് ഗവർണർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ മടങ്ങിയതിന് പിന്നാലെ ഗവർണർ പുറത്തേക്ക്. സുരക്ഷാ വീഴ്ചയുണ്ടെന്നും പ്രതിഷേധം എന്തിനെന്നു കമ്മീഷണറോടാണ് ചോദിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.

ENGLISH SUMMARY:

SFI protests against governor at kerala university headquarters