ശബരി റെയിൽ പദ്ധതിയിൽ രണ്ട് നിർണായക തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. ആദ്യഘട്ടത്തിൽ ഒറ്റ വരിപ്പാത മതിയെന്ന് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രി നിർദ്ദേശിച്ച ത്രീകക്ഷി കരാറിനു പകരം നിർമ്മാണ ചിലവിന്റെ 50 ശതമാനം കിഫ്ബി വഹിക്കുമെന്ന നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരീ റെയിൽ പദ്ധതി സംസ്ഥാനം വൈകിപ്പിക്കുകയാണെന്ന കേന്ദ്രത്തിന്റെ തുടർച്ചയായ വിമർശനങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഉണ്ടായത് നിർണായക തീരുമാനങ്ങൾ. അതാകട്ടെ കേന്ദ്രത്തിന്റെ നിലവിലെ താൽപര്യത്തോട് മുഖം തിരിക്കുന്ന തീരുമാനങ്ങളും. ശബരി റെയിൽ പാത ഇരട്ടപ്പാത ആക്കണമെന്ന് സതേൺ റെയിൽവേ കത്ത് നൽകിയത് കഴിഞ്ഞ ദിവസമാണ്. നിർമ്മാണ ചുമതലയുള്ള കെ-റെയിൽ ഇതിൽ വിയോജിപ്പ് അറിയിച്ചിരുന്നു. ഇരട്ടപ്പാത വേണമെന്ന് നിർദ്ദേശത്തോട് സംസ്ഥാന സർക്കാരിനും താല്പര്യം ഇല്ല. അടുത്തഘട്ടത്തിൽ മാത്രമേ ഇരട്ടപ്പാത ആവശ്യമുള്ളൂ എന്നാണ് നിലപാട്.
ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. പദ്ധതി വിഹിതത്തിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് അറിയിച്ച കേന്ദ്രം അതിനു പോംവഴിയായി നിർദ്ദേശിച്ചത് ത്രീ കക്ഷി കരാർ മാതൃകയാണ്. ആർബിഐയും കേരളവും റെയിൽവേയും തമ്മിലുള്ള കരാർ. ശബരി പാതയ്ക്കായി ത്രീ കക്ഷി കരാർ വേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി നിർമ്മാണ ചിലവിന്റെ 50 ശതമാനം കിഫ്ബി വഹിക്കുമെന്ന് മുൻ നിലപാടും ആവർത്തിച്ചു. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
സർക്കാർ യോഗത്തിൽ എടുത്ത രണ്ട് തീരുമാനങ്ങളിലും ഇനി അന്തിമനിലപാട് അറിയിക്കേണ്ടത് കേന്ദ്രമാണ്. നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ശബരിപാതയെ വികസിപ്പിക്കാവുന്നതാണെന്ന നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. യോഗത്തില്‍ മന്ത്രി വി.അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി.വിഗ്നേശ്വരി കോട്ടയം കലക്ടര്‍ ജോൺ.വി.സാമുവൽ, കെ റെയിൽ എം.ഡി തുടങ്ങിയവര്‍ പങ്കെടുത്തു.