ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന വാദവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍. ഇതുസംബന്ധിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി അധ്യാപകര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ ആരോപണം ഉയര്‍ന്നശേഷം പൂട്ടികിടന്ന എംഎസ് സൊല്യൂഷന്‍സ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കേസില്‍ ക്രൈബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണം തുടങ്ങി. വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് കെഎസ് യു ആരോപിച്ചു.
എംഎസ് സൊല്യൂഷന്‍സ് ചോദ്യങ്ങള്‍ പ്രവചിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് മറ്റ് യൂട്യൂബ് ചാനലുകളും സമാനമായ ചോദ്യങ്ങള്‍ പ്രവചിച്ചിരുന്നു. അവര്‍ക്കെതിരെ ഇല്ലാത്ത അന്വേഷണം എംഎസ് സൊല്യൂഷന്‍സിനെതിരെ മാത്രം എന്തുകൊണ്ടാണെന്നും അധ്യാപകര്‍ ചോദിക്കുന്നു. അതേസമയം ആരോപണമുയര്‍ന്ന ശേഷം പൂട്ടികിടന്ന എംഎസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫിസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ആപ്പിന്‍റെ ജോലികള്‍ക്കായാണ് ഓഫിസ് തുറന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില‍്‍ അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് കെഎസ് യു. അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം യോഗംചേര്‍ന്നു. വിദ്യാഭ്യാസവകുപ്പിന്‍റെ പരാതിയില്‍ നാളെ തന്നെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് തീരുമാനം.