shefeeq-case

ഇടുക്കി കുമളിയിൽ പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനമേറ്റ് അഞ്ചു വയസുകാരൻ ഷെഫീക്കിന്‍റെ ശരീരം തളർന്ന കേസിൽ കോടതി ഇന്ന് വിധി പറയും. പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 

 

പട്ടിണി കിടന്ന് എല്ലും തോലുമായ ശരീരവും കൊടിയ മർദനമേറ്റ 150ലേറെ പാടുകളുമായി 2013 ജൂലൈ 15 നാണ് അബോധാവസ്ഥയിലായ ഷെഫീക്കിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീടിനു പുറത്ത് ഓടിക്കളിച്ചപ്പോൾ കുട്ടി വീണെന്നായിരുന്നു പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ഒറ്റനോട്ടത്തിൽ കുട്ടി നേരിട്ട കൊടിയ പീഡനം ഡോക്ടർക്ക് മനസിലായതോടെയാണ് മലയാളികളുടെ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. മൂന്നുവർഷമായി നേരിട്ട കൊടിയ പീഡനത്തിൽ ഷെഫീക്കിന്‍റെ തലച്ചോറിന്‍റെ പ്രവർത്തനം 75 ശതമാനം നിലച്ചു. തുടർച്ചയുണ്ടായ അപസ്മാരം മൂലം ജീവൻ തിരിച്ചുപിടിക്കില്ലെന്ന് തോന്നിച്ച നിമിഷങ്ങൾ. ഏറെ നാൾ നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും തലച്ചോറിനേറ്റ പരുക്ക് കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചു.

കുമളി പൊലീസ് 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ 2022 ലാണ് വാദം തുടങ്ങിയത്. ദൃക്സാക്ഷികളുടെ അഭാവം ആശങ്കയുയർത്തിയെങ്കിലും സാഹചര്യ തെളിവുകളും, മെഡിക്കൽ റിപ്പോർട്ടും നിർണായകമായി . വധശ്രമം, ക്രൂരമർദ്ദനം, പൊള്ളലേൽപ്പിക്കൽ തുടങ്ങി 10 വർഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രൂരമർദ്ദനമേറ്റ് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്.

ENGLISH SUMMARY:

The court will pronounce its verdict today in the case of five-year-old Shefiq, who was brutally beaten by his father and step-mother in Kumali, Idukki; The accused have been charged with attempted murder, brutal beating, burning and other charges punishable by up to 10 years