കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചട്ടപ്രകാരം രണ്ട് ലോക്സഭാംഗങ്ങള്‍ക്ക് ഭരണസമിതി അംഗങ്ങളാകാം ഉണ്ട്.
ലോക്സഭയിലെ അംഗബംല അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. നിലവില്‍ എന്‍ഡിഎക്കും ഇന്ത്യാസഖ്യത്തിനും ഓരോ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അംഗബലമുണ്ട്. കഴിഞ്ഞ ടേമില്‍ തിരുവനന്തപുരം എം.പി ശശി തരൂരും കര്‍ണാടക കലബുറഗിയിലെ ബിജെപി എം.പി ഉമേഷ് ജാദവുമായിരുന്നു പ്രതിനിധികള്‍. ഇത്തവണ അവകാശവാദവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് സമ്മര്‍ദത്തിലായത്.
ശ്രീചിത്രയുമായി ബന്ധപ്പെട്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇ ടി അംഗമായാല്‍ മലബാറില്‍ നിന്നുള്ള രോഗികള്‍ക്ക് സഹായകരമാകുമെന്നുമായിരുന്നു നിലപാട്. ഇക്കാരണങ്ങളുയർത്തി പത്രികയും നല്‍കി. പിന്നാലെ സ്ഥലം എം.പിയായ ശശി തരൂരും നിലപാട് കടുപ്പിച്ച് എത്തിയതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വഴി പാര്‍ലമെന്‍ററി കാര്യസഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളുമായി ചര്‍ച്ച നടത്തി. ശ്രീചിത്രയിലെ സീറ്റ് ബിജെപി വിട്ടുകൊടുക്കുന്നതിന് പകരം ഗുജറാത്തിലെ മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ സീറ്റ് കോണ്‍ഗ്രസ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ധാരണയായി.
പ്രശ്നം പരിഹരിച്ചതോടെ ശശി തരൂരും ഇ ടി മുഹമ്മദ് ബഷീറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല് സ്വന്തം മണ്ഡലത്തിലെ അഭിമാനമായ സ്ഥാപനത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മാറ്റി നിര്‍ത്തിയതിലും ലീഗിന് വഴങ്ങിയതിലും ശശി തരൂരിന് അതൃപ്തിയുണ്ട്.