തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടികൾ. വനം വകുപ്പിന് പരാതികൾ നൽകിയിട്ടും ഇതുവരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. അഞ്ച് വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പരുക്കേറ്റ് കിടപ്പിലായവർ നിരവധിയാണ്. ഇതുകൊണ്ടൊന്നും തീർന്നില്ല ഈ നാടിന്റെ സങ്കടം .
പഞ്ചായത്തിലാകെ 14 കുടികളാണുള്ളത്. കൃഷിയും വനവിഭവ ശേഖരണവുമാണ് പ്രധാന ഉപജീവനമാർഗം. വന്യമൃഗ ശല്യം രൂക്ഷമായതോടെ പലർക്കും ഇപ്പോൾ കൂലിപ്പണിയാണ് ഉപജീവനമാർഗം. എന്നാല്‍ കൃത്യമായി കൂലിപ്പണിക്കുപോലും പോകാനാവാത്ത സാഹചര്യമാണ് ഇന്നിവിടെയുള്ളത്.
അതേസമയം അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ജനവാസ കേന്ദ്രങ്ങളിലും കൊന്നക്കുഴി മേഖലയിലും കാട്ടാനയിറങ്ങി . വെറ്റിലപ്പാറയിൽ എണ്ണപ്പന തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചത് . ജനവാസ കേന്ദ്രത്തോട് ചേർന്നാണ് ഈ എണ്ണപ്പന തോട്ടം. ഇന്നലെ രാത്രി ഒൻപതോടെയാണ് കാട്ടാനകൾ തമ്പടിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ട്.