തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യ കൂമ്പാരത്തിൽ ആര്‍സിസിയിലെ കാൻസർ രോഗികളുടെ പുതിയ ചികിൽസാ രേഖകളും. ഡിസംബര്‍ മാസത്തിലെ രോഗികളുടെ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടുന്ന ചികിൽസാ രേഖകൾ നഡുകല്ലൂരിലെ ഒഴിഞ്ഞ പ്രദേശത്ത് ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. സ്വകാര്യ വിവരങ്ങൾ അഞ്ച് വര്‍ഷം സുരക്ഷിതമായി സൂക്ഷിക്കണമെന്ന നിബന്ധനയും കാറ്റിൽ പറത്തി.
അതേസമയം മാലിന്യം തള്ളലിനേക്കുറിച്ച് അംഗീകൃത സംസ്കരണ ഏജൻസിയായ ‘ഇമേജ് ’നല്‍കിയ മുന്നറിയിപ്പുകൾ ആശുപത്രികൾ അവഗണിച്ചു. പൊല്യൂഷൻ കൺട്രോൾ ബോർഡിനും സർക്കാരിനും ‘ഇമേജ് ’ റിപ്പോർട്ട് ചെയ്തെങ്കിലും കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിൽ വ്യാപകമായി തള്ളുന്നത് തുടര്‍ന്നു. പുതിയതായി ബയോ മെഡിക്കൽ മാലിന്യം തള്ളിയത് കണ്ടെത്തിയത് ഏഴിടങ്ങളിലാണ്. രോഷാകുലരായ നാട്ടുകാർ ഇത് സ്ഥിരം സംഭവമാണെന്ന് പറയുന്നു.