വയനാട് അമ്പുകുത്തി എടക്കൽ മലനിരകളിലെ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ്കലക്ടറുടെ ഉത്തരവ്. സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ ഉത്തരവ്. റിസോർട്ടുകൾ പൊളിച്ചു നീക്കി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും സബ് കലക്ടർ ഉത്തരവിട്ടു.
ഉരുൾപൊട്ടൽ സാധ്യത മേഖലകളിലും ഉയർന്ന അപകടമേഖലയിലും പെടുന്ന 7 റിസോർട്ടുകൾ പൊളിച്ചു നീക്കാനാണ് സബ് കലക്ടർ ഉത്തരവിട്ടത്. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൊളിച്ചു നീക്കി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്. റിസോർട്ടുകളിൽ അനധികൃതമായി കുളവും ടാങ്കുകളും നിർമിച്ചതും സ്വാഭാവിക നീരുറവയടക്കം തടഞ്ഞു വെച്ചതായും പരിശോധന സംഘം കണ്ടെത്തിയിരുന്നു. ഉരുൾപൊട്ടൽ അപകടങ്ങൾ ഉണ്ടായാൽ താഴ് വാരത്തെ നിരവധി കുടുംബങ്ങൾക്ക് അപകടസാധ്യതയുണ്ട്. അതു കൂടി കണക്കിലൊടുത്താണ് പൊളിച്ചു നീക്കാൻ സബ് കലക്ടർ ഉത്തരവിട്ടത്
ജില്ല വികസന സമിതി യോഗത്തിലെ ചർച്ചക്ക് പിന്നാലെയാണ് സബ് കലക്ടർ അന്വേഷണത്തിനു ഉത്തരവ് ഇറക്കിയത്. സുൽത്താൻബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്,ഹസാർഡ് അനലിസ്റ്റ്, ജില്ല സോൾ കൺസർവേഷൻ ഓഫിസർ, മൈനിങ് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കുകയായിരുന്നു.