2013 ല്‍ രണ്ടാനമ്മയുടെയും പിതാവിന്‍റെയും ക്രൂരമര്‍ദനത്തിനിരയായ അഞ്ചുവയസുകാരന് 11 വര്‍ഷങ്ങള്‍ക്കിപ്പുറം നീതി. പിതാവ് ഷെരീഫിനും രണ്ടാനമ്മ അനീഷയ്ക്കും ഇടുക്കി സെഷന്‍സ് കോടതി തടവുശിക്ഷ വിധിച്ചു. ഷെരീഫിന് ഏഴും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷമാണ് തടവുശിക്ഷ. ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അനീഷയ്ക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം കോടതി ശരിവച്ചു.
കൊടിയ മർദ്ദനമേറ്റ പാടുകളും പട്ടിണി കിടന്ന് എല്ലും തോലുമായ ശരീരവുമായി അഞ്ചുവയസ്സുകാരൻ ഷെഫീഖിനെ 2013 ജൂലൈ 15 നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഓടിക്കളിച്ചപ്പോൾ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന് മർദ്ദനമേറ്റെന്ന് ഒറ്റനോട്ടത്തിൽ ഡോക്ടർക്ക് മനസിലായതോടെ മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം പുറം ലോകമറിഞ്ഞു. തലച്ചോറിന്റെ പ്രവർത്തനം 75 ശതമാനം നിലച്ചതും തുടർച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്കിനെ തിരിച്ച് കിട്ടില്ലെന്നു തോന്നിച്ച നിമിഷങ്ങൾ. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനേറ്റ പരുക്ക് കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചു. Read More: ‘ശരീരത്തില്‍ 151 മുറിവ്, മലദ്വാരത്തില്‍ കമ്പികൊണ്ട് കുത്തി; എന്റെ കുഞ്ഞും ഞാനും കടലുകള്‍ താണ്ടി’
കുമളി പൊലീസ് 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ 2022 ലാണ് വാദം തുടങ്ങിയത്. ചികിത്സാ പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സാഹചര്യ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും നിർണായകമായി. വധശ്രമം, ക്രൂരമർദ്ദനം, പൊള്ളലേൽപ്പിക്കൽ തുടങ്ങി പത്തുവർഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെഫീക്കിനെയും സർക്കാർ നിയമിച്ച ആയ രാഗിണിയെയും 2014 ൽ തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുകയായിരുന്നു.