മലപ്പുറം കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പ് ശരിവെച്ച് നഗരസഭയുടെ പരിശോധനാ റിപ്പോർട്ട് പുറത്ത്. ഏഴാം വാർഡിൽ 27 പേർ പെൻഷൻ കൈപ്പറ്റുന്നത് അനധികൃതമായാണെന്ന് കണ്ടെത്തൽ. ബിഎംഡബ്ല്യു കാർ ഉടമയുടെയും ഡോക്ടറുടെയും രക്ഷിതാക്കൾ അടക്കം അനർഹമായി പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.
കോട്ടക്കൽ നഗരസഭയിൽ ഏഴാം വാർഡിൽ മാത്രം ക്ഷേമപെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും പെൻഷൻ കൈപ്പറ്റുന്നത് അനധികൃതമായി ആയിരുന്നു എന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ 11 പേരുടെ പെൻഷൻ പലപ്പോഴായി റദ്ദായെന്നും 27 പേർ നിലവിൽ അനധികൃതമായി പെൻഷൻ വാങ്ങുന്നുണ്ടെന്നുമാണ് നഗരസഭയുടെ കണ്ടെത്തൽ.
ബിഎംഡബ്ല്യു കാർ ഉടമയുടെ പിതാവ് ഡോക്ടറുടെ മാതാവ് പിതാവ് വിമുക്തഭട പെൻഷൻ വാങ്ങുന്ന ആളുടെ ഭാര്യ അങ്ങനെ നീളുന്നു അനധികൃത പെൻഷൻ കൈ പറ്റുന്നവരുടെ പട്ടിക. അനധികൃത പെൻഷൻ കൈപ്പറ്റൽ വിവാദം ആയതിനു പിന്നാലെയാണ് നഗരസഭ അന്വേഷണം ആരംഭിച്ചത്. അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയവരിൽ നിന്ന് 18% പലിശയോടെ തുക തിരിച്ചുപിടിക്കാനാണ് സർക്കാരിന്റെ തീരുമാനം. കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് കോട്ടക്കൽ നഗരസഭ സംസ്ഥാന സർക്കാരിന് ഉടൻ കൈമാറും.