കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആംബുലൻസിൽ കയറിയ കേസിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിച്ച ഏജൻസിയുടെ മേധാവിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. വരാഹി അസോസിയേറ്റ്സ് സി.ഇ.ഒ അഭിജിത്തിനെ തൃശൂരിലാണ് ചോദ്യം ചെയ്തത്.
തൃശൂർ പൂരം അലങ്കോലപ്പെട്ട രാത്രി സുരേഷ് ഗോപി വന്നത് സേവാഭാരതിയുടെ ആംബുലൻസിലായിരുന്നു. മണ്ണുത്തി നെട്ടിശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് ഉടൻ തിരുവമ്പാടി ഓഫിസിൽ എത്താൻ നിർദേശം വന്നിരുന്നു. ആ നിർദേശം നൽകിയതാകട്ടെ ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ഏകോപിപ്പിച്ചിരുന്ന വരാഹി അസോസിയേറ്റ്സ് സിഇഒ അഭിജിത്തും. ബിജെപി ജില്ലാ അധ്യക്ഷന്‍റെ കാറില്‍ സ്വരാജ് റൗണ്ടിന് സമീപത്ത് വന്ന സുരേഷ് ഗോപിയ്ക്ക് മുന്നോട്ടു പോകാനായില്ല. ജനത്തിരക്കായിരുന്നു കാരണം . സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ ഓഫിസിൽ എത്തിക്കാൻ അഭിജിത്ത് തന്നെ നിർദേശം നൽകി. അഭിജിത്ത് ഫോണിൽ വിളിച്ചതായി ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു.
പൂരം കലങ്ങിയത് അഭിജിത്ത് അറിഞ്ഞത് എങ്ങനെയെന്ന് പൊലീസ് ചോദിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നാണ് അഭിജിത്തിന്‍റെ മൊഴി. ഇടുക്കി സ്വദേശിയാണ് അഭിജിത്ത് വരാഹി. സിപിഐയുടെ പ്രാദേശിക നേതാവ് അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി 279, 34, മോട്ടർ വാഹന നിയമം 179, 184, 188, 192 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് അഭിജിത്തിന്‍റെ മൊഴിയെടുത്തത്.
താൻ കാറിലാണു ചെന്നതെന്നും ആംബുലൻസിൽ കണ്ടെന്നുപറയുന്നത് മായക്കാഴ്ചയാകുമെന്നും ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു, സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. പൂരസ്ഥലത്ത് എത്തിയപ്പോൾ രാഷ്ട്രീയക്കാരുടെ ഗുണ്ടകൾ കാർ ആക്രമിച്ചെന്നും യുവാക്കൾ രക്ഷപ്പെടുത്തിയെന്നും കാലിനു സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് അദ്ദേഹം പിന്നീടു വിശദീകരിച്ചത്.