മുണ്ടക്കൈ -ചൂരല്‍മല ഉരുപൊട്ടല്‍ പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്തൃ കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ. അർഹരായ ഒട്ടേറെപ്പേരെ പട്ടികയിൽ ഉൾപ്പെടുത്താനുണ്ടെന്നും പട്ടികയിൽ നൂറോളം ഇരട്ടിപ്പുണ്ടെന്നുമാണ് പരാതി. അപാകത പരിഹരിക്കണമെന്നറിയിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിൽ ദുരന്തബാധിതർ പ്രതിഷേധിച്ചു.
388 കുടുംബങ്ങളെ ഉൾപ്പെടുത്തി ഇന്നലെ രാത്രിയോടെയാണ് കരട് പട്ടിക പുറത്തിറക്കിയത്. പട്ടികക്കെതിരെ വ്യാപക പരാതി ഉയർന്നു. ദുരന്തബാധിതരിൽ പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. പട്ടികയെ സംബന്ധിച്ച ചർച്ചക്കായി മേപ്പാടി പഞ്ചായത്ത് ഓഫിസിൽ എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിനിടെ ദുരന്തബാധിതർ പ്രതിഷേധിച്ചു
അതിനിടെ പട്ടികയിൽ ഉപഭോക്താക്കളുടെ ഇരട്ടിപ്പുണ്ടെന്നും പരാതി ഉയർന്നു. 10,11,12 വാർഡുകളിലായി നൂറിലധികം ഇരട്ടിപ്പുണ്ടായി. എന്നാൽ പട്ടികയിലെ വീഴ്ചകള്‍ പരിഹരിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും 30 ദിവസത്തിനകം കുറ്റമറ്റ രീതിയിൽ അന്തിമ പട്ടിക പുറത്തിറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അർഹരായ ഒരാളും പുറത്താവില്ലെന്നും ജില്ലാ കലക്ടർ ഉറപ്പു നൽകി. അതേ സമയം ഘട്ടം ഘട്ടമായിട്ടുള്ള പുനരധിവാസമല്ല ഒറ്റഘട്ടത്തിൽ പൂർത്തിയാക്കുന്ന പുനരധിവസമാണ് വേണ്ടതെന്ന് മേപ്പാടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അറിയിച്ചു.