പാലക്കാട് പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു.മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബൈക്കാണ് എതിർദിശയിൽ വന്ന ടാങ്കറിൽ ഇടിച്ചത്.
യുവാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും അമിതവേഗതയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പാലക്കാട് പനയംപാടത്ത് അപകടവളവില്‍ ദിവസങ്ങള്‍ക്കുമുന്‍പാണ് ലോറി മറിഞ്ഞ് 4 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പനയംപാടം മാത്രമല്ല പുതുപ്പരിയാരവും ബ്ലാക്ക് സ്പോട്ടാണെന്ന് നാട്ടുകാർ പറഞ്ഞു. പനയംപാടത്ത് അപകടമുണ്ടായ അതേ പാതയിലാണ് ഇന്ന് അപകടമുണ്ടായത്. 25ലേറെ അപകടമുണ്ടായ മേഖലയാണിതെന്ന് ആംബുലന്‍സ് ഡ്രൈവറും പറയുന്നു.