• അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പണം തിരികെ നല്‍കണം
  • 22,600 മുതല്‍ 86,000 രൂപവരെ തിരികെ അടയ്ക്കേണ്ടിവരും, 18% പലിശയും അടയ്ക്കണം
  • പൊതുഭരണവകുപ്പിലെ ആറുജീവനക്കാര്‍ക്ക് നോട്ടീസ്

ഉദ്യോഗസ്ഥര്‍ അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരികെ ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി. പൊതുഭരണവകുപ്പിലെ ആറുജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കി. ഇവരെ പിരിച്ചുവിടണമെന്ന് പൊതുഭരണസെക്രട്ടറി കഴിഞ്ഞദിവസം ശുപാര്‍ശചെയ്തിരുന്നു

 

ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ പൊതുഭരണ വകുപ്പിലെ ആറുജീവനക്കാര്‍ പതിനെട്ടുശതമാനം പലിശ സഹിതം തുക തിരികെ നല്‍കാനാണ് നോട്ടിസ്. 22,600 മുതല്‍ 86,000 രൂപവരെ തിരികെ അടയ്ക്കേണ്ടിവരും, 18% പലിശയും അടയ്ക്കണം. പണം തിരിച്ചുപിടിച്ചശേഷം മറ്റുനടപടികള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.ക്ഷേമപെന്‍ഷന്‍ തട്ടിയവര്‍ക്കെതിരെ  കടുത്ത നടപടിക്ക് GAD വകുപ്പ് ശുപാര്‍ശചെയ്തത് കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ടുചെയ്തിരുന്നു. 

 

ക്ഷേമ പെന്‍ഷന്‍ തട്ടിച്ച മണ്ണ് പര്യവേക്ഷണ–സംരക്ഷണ  വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ കൃഷി വകുപ്പി സസ്പെന്‍ഡുചെയ്തിരുന്നു. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യ പെന്‍ഷന്‍ കൈപ്പറ്റുന്നതായുള്ള  ധനവകുപ്പിന്‍റെ കണ്ടെത്തല്‍ മനോരമന്യൂസിലൂടെ പുറംലോകം അറിയുന്നത് കഴിഞ്ഞമാസം 27നായിരുന്നു. വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അതാത് വകുപ്പുകള്‍ നടപടിയെടുക്കുമെന്ന്  മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. 

 

22 ദിവസങ്ങള്‍ക്കുശേഷമാണ്  കൃഷി വകുപ്പ്  നടപടിയെടുത്തത്. ഇപ്പോള്‍ പൊതുഭരണ വകുപ്പും. അതേസമയം പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 1458 ജീവനക്കാരില്‍ ഭൂരിഭാഗവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. ഈ വകുപ്പുകള്‍ ഇതുവരെ നടപടിക്ക് തുടങ്ങിയിട്ടില്ല.

ENGLISH SUMMARY:

Notice to six government employees who committed welfare pension fraud to return the money immediately.