തൃശൂര്‍ പൂരം അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമെന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നും എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറിക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന് കണ്ടെത്തിയിട്ടും ബി.ജി.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് അജിത്കുമാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് വി.എസ്.സുനില്‍കുമാറും സ്വീകാര്യമല്ലെന്ന് കെ.മുരളീധരനും പറഞ്ഞു. സ്വന്തം വീഴ്ച മറക്കാനാണ് അജിത്കുമാര്‍ ദേവസ്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് തിരുവമ്പാടി ദേവസ്വവും ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം പോലും നല്‍കാതെ സര്‍ക്കാര്‍ രഹസ്യമാക്കിയിരുന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അജിത്കുമാറിന്‍റെ അന്വേഷണം അപൂര്‍ണമെന്ന് വ്യക്തമാവുകയാണ്. താനുള്‍പ്പെടുന്ന പൊലീസിന് ക്ളീന്‍ ചീറ്റ് നല്‍കുന്ന അജിത്കുമാര്‍ കുറ്റം മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്‍റെ തലയില്‍ ചാര്‍ത്തുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ പൂരം അട്ടിമറിക്കാന്‍ മാസങ്ങള്‍ക്ക് മന്പ് തന്നെ തിരുവമ്പാടി തീരുമാനിച്ചെന്നാണ് അജിതിന്‍റെ കണ്ടെത്തല്‍.
സര്‍ക്കാരിന് നിയമപരമായി അംഗീകരിക്കാനാവാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് മനപ്പൂര്‍വം പ്രശ്നം സൃഷ്ടിച്ചു. ലോക്ഒസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടുകയെന്ന സ്ഥാപിത താല്‍പര്യമായിരുന്നു അട്ടിമറിക്ക് പിന്നിലെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദര്‍മേനോന്‍, കെ.ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് പേരെടുത്ത് കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പറഞ്ഞ തിരുവമ്പാടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ വന്നത് അടക്കം രാഷ്ട്രീയ ബന്ധമുള്ള കാര്യങ്ങളൊന്നും അജിത്കുമാറിന്‍റെ റിപ്പോര്‍ട്ടിലില്ല. ബി.ജെ.പി നേതാക്കളായ ബി.ഗോപാലകൃഷ്ണനും വല്‍സന്‍ തില്ലങ്കരിയും തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ ഫോണില്‍ വിളിച്ചെന്നത് മൊഴിയുണ്ടായിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഭാഗത്ത് അജിത് ഉള്‍പ്പെടുത്തിയില്ല. അതിനാല്‍ സി.പി.ഐ റിപ്പോര്‍ട്ട് തള്ളി.
ബി.ജെ.പിയുടെ പങ്ക് മറച്ചുവെക്കാനുള്ള റിപ്പോര്‍ട്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഈ റിപ്പോര്‍ട്ട് ഡി.ജി.പിയും മുഖ്യമന്ത്രിയും തള്ളിക്കൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.