സമാധാനത്തിന്‍റെ സന്ദേശവുമായി ഉണ്ണിയേശു പിറന്ന ക്രിസ്തുമസ് കാലം ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സെലീനക്ക് നിറസന്തോഷത്തിന്‍റെ കാലം കൂടിയാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ ആനന്ദമാണ് സെലീനക്ക്. ഇതിന് നിറകണ്ണുകളോടെ നന്ദി പറയുന്നത് ഒരു കൂട്ടം നൻമ മനസുകൾക്കാണ്.
തോട്ടപ്പള്ളി കൊട്ടാരവളവ് സ്വദേശിനി സെലീനക്കാണ് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ വീടൊരുങ്ങിയത്. ഭർത്താവ് ജോസഫ് 3 വർഷം മുൻപ് അപകടത്തിൽ മരണപ്പെട്ടതോടെ ജീവിതം ബുദ്ധിമുട്ടിലായി..സെലീനയുടെ ദുരിത ജീവിതമറിഞ്ഞ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് മുൻകൈയെടുത്ത് ഉപജീവനത്തിനായി ഉണ്ണിയപ്പം നൽകി.ഇത് വിറ്റു കിട്ടുന്ന പണമായിരുന്നു സെലീനക്ക് ആശ്രയം. ഇതിനിടയിൽ സെലീന ക്കായി മെഴുകുതിരി ചലഞ്ച് നടത്തി സമാഹരിച്ച തുക കൊണ്ട് വീടു നിർമാണത്തിനും തുടക്കമിട്ടു. സുമനസുകളുടെ കരുതലിൽ പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശന കർമം മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് അധ്യക്ഷനായി. വിവിധ സമുദായങ്ങളുടെ പ്രതിനിധികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ 75-ാമത് വീടാണ് ഇത്. മെഴുകുതിരി ചലഞ്ചിലൂടെ 5 വീടുകളാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ നിർമിക്കുന്നത്. ഒരു വീടിന്‍റെ നിർമാണം പൂർത്തിയാക്കി. 3 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.