പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ സൈനികനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്ക് യാത്രതിരിച്ചു.പതിനേഴാം തീയതിയാണ് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി വിഷ്ണുവിനെ കാണാതായത്.
വിഷ്ണുവിൻറെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഏകോപിപ്പിക്കും. എലത്തൂർ എസ്.എച്ച്.ഒ അജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ രണ്ട് സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എലത്തൂർ എസ് ഐ സിയാദിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ഇന്നലെ രാത്രിയോടെ അന്വേഷണത്തിനായി പൂണെയിലേക്ക് യാത്ര തിരിച്ചു.
ട്രെയിൻ കയറിയെന്നും കണ്ണൂരിലെത്തിയെന്നുമാണ് വിഷ്ണു അവസാനമായി കുടുംബത്തിന് അയച്ച വോയിസ് മെസ്സേജ്. ഇത് സ്ഥിരീകരിക്കാനും പോലീസിന് ആയിട്ടില്ല. സംഭവത്തിലെ ദുരൂഹത നീക്കി എത്രയും വേഗം വിഷ്ണുവിനെ കണ്ടെത്തണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. വിവാഹ ഒരുക്കങ്ങൾക്കായി അടിയന്തരമായി അവധിയെടുത്ത് നാട്ടിലേക്ക് വരുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.