കണ്ണൂർ പന്നേൻപാറയിൽ ട്രെയിനിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മധ്യവയസ്കൻ. ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ ട്രാക്കിൽ കമിഴ്ന്നു കിടന്ന ആളാണ് ട്രെയിൻ കടന്നുപോയിട്ടും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്. ചിറയ്ക്കൽ സ്വദേശിയാണ് ട്രാക്കിൽ കിടന്നത്. ട്രാക്കിൽ കിടക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കണ്ടവരെല്ലാം തലയില്‍ കൈവച്ചുപോകും. അതിവേഗത്തില്‍ പോകുന്ന ട്രെയിനനടിയില്‍ ഇയാള്‍ എങ്ങനെ പെട്ടുപോയെന്നാണ് എല്ലാവരും ചിന്തിച്ചത്. ട്രാക്കില്‍ കിടക്കുമ്പോള്‍ ട്രെയിന്‍ വന്നതാണോ അതോ ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അങ്ങനെ പല തരത്തിലാണ് ദൃശ്യം കണ്ടയുടന്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്.
അതേസമയം ആ കാഴ്ച കണ്ടപ്പോഴുണ്ടായ ഞെട്ടല്‍ ഇനിയും മാറിയില്ലെന്ന് ദൃക്സാക്ഷി ശ്രീജിത്ത് മനോരമന്യൂസിനോട്. ട്രെയിനിന്റെ ഹോൺ കേട്ടപ്പോഴാണ് പാളത്തിലൂടെ നടക്കുകയായിരുന്നയാൾ നിലത്തു കിടന്നതെന്ന് ശ്രീജിത്ത് പറയുന്നു. ട്രാക്കിന് അടിയിൽ സുരക്ഷിതനാണെന്ന് താൻ ലോക്കോ പൈലറ്റിനോട് പറഞ്ഞു. ശ്രീജിത്താണ് മധ്യവയസ്കന്‍ ട്രെയിനിനടിയില്‍ പെട്ടുപോയതിന്റെ ദൃശ്യങ്ങൾ പകർത്തിയത് .