പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസിന്‍റെ നടപടി എന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്കാധാരമായ രേഖകൾ വെള്ളിയാഴ്ച ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
ഫോർട്ടുകൊച്ചി വെളി മൈതാനത്തെ പുതുവത്സരാഘോഷ പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഡിസംബർ 31ന് രാത്രി ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്. ഇതിന് പുറമെ വെളി മൈതാനത്ത് കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് വാദിച്ചു. ഇരുമൈതാനങ്ങളും തമ്മിൽ 2 കിലോമീറ്റർ അകലമാണുള്ളത്. മുൻകരുതലുകൾ എടുത്തുവെങ്കിൽ അനുമതി നൽകിക്കൂടെ എന്ന് കോടതി ചോദിച്ചെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
പപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകാൻ പൊലീസിന് അധികാരം ഇല്ലെന്ന് ഹർജിക്കാർ വാദിച്ചു. എല്ലാ വകുപ്പുകളില്‍ നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ഈ അനുമതികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നത് വിശദമാക്കാൻ പൊലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയാൽ തന്നെ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ എന്തു ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവച്ചു. വിഷയം വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.